പത്തനംതിട്ട: അഞ്ച് വയസുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26) നാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) വധശിക്ഷ വിധിച്ചത്.
നേരത്തെ, കേസില്‍ അലക്‌സ് പാണ്ഡ്യന്‍ കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാര്‍ ജോണ്‍ കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്‍റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. കത്തിവെച്ച് മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു.
പത്തനംതിട്ട ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്‍റെ മേല്‍നോട്ടത്തില്‍ അന്നത്തെ എസ്.എച്ച്.ഒ. ബിനീഷ് ലാല്‍ ആണ് കേസ് അന്വേഷിച്ച് 2021 ജൂലായ് അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചത്.
അഡ്വ. നവീന്‍ എം. ഈശോ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹാജരായി. കേസിന്‍റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ച സംഭവവും ഉണ്ടായി. കേസില്‍ ആകെ 41 സാക്ഷികള്‍ മൊഴി നല്‍കി.
രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു. പരുക്കേറ്റ കുട്ടി ഏതാനും നാള്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടുത്തെ ഡോക്ടര്‍ ഉള്‍പ്പെടെ കേസില്‍ സാക്ഷിയായി.
Join Our Whats App group
Post A Comment: