മുതലെടുപ്പ് രാഷ്ട്രീയക്കാരുടെ കൈയിലെ ചട്ടുകമായി മാത്രം ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ടവരായി മാറുകയാണ് ഇടുക്കിയിലെ ജനങ്ങൾ. കേരളത്തിലെ ഒരു ജില്ലകളിലും ഇല്ലാത്ത ഭൂ പ്രശ്നങ്ങളാണ് ഇടുക്കിയിലെ സാധാരണക്കാരായ കർഷകരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നത്.
ഭൂ പ്രശ്നങ്ങൾക്ക് എന്നെങ്കിലും ഒരു പരിപാഹാരമുണ്ടാകുമെന്ന് കരുതി തലമുറകളായി കാത്തിരിക്കുന്നവരാണ് ഇടുക്കിക്കാർ. എന്നാൽ കാലം കടന്നുപോകുന്നതല്ലാതെ ഒരിക്കലും ഒരു വിഷയത്തിലും പരിഹാരം ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം.
ഓരോ തെരഞ്ഞെടുപ്പിലും ഭൂ പ്രശ്നം പരിഹരിക്കാമെന്ന് കാലങ്ങളായി യുഡിഎഫും എൽഡിഎഫും മാറി മാറി വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഓരോ സർക്കാർ മാറി മാറി വരുമ്പോഴും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി പരിഹരിക്കാൻ രംഗത്തെത്തിയ പല സംഘടനകളെയും ഇന്ന് കണി കാണാനില്ല. അന്ധമായ രാഷ്ട്രീയമാണ് ഇടുക്കി ജനതയെ ഇത്തരത്തിൽ ചൂഷണത്തിനു വിധേയനാക്കുന്നതെന്നതാണ് യാഥാർഥ്യം. ഇവിടെ ഭൂ പ്രശ്നം തീർന്നാലും ഇല്ലെങ്കിലും രാഷ്ട്രീയക്കാർക്ക് നല്ല വേരോട്ടമുണ്ടെന്ന തിരിച്ചറിവ് തന്നെയാണ് വിഷയത്തിൽ വിവിധ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിനു കാരണം.
തലമുറകളായി താമസിക്കുന്ന വീടും കൃഷി ചെയ്യുന്ന പുരയിടവും എന്ന് വേണെങ്കിലും നഷ്ടമാകാമെന്ന ഭീതിയിൽ ഇടുക്കിയിൽ കഴിയുന്നത് ആയിരങ്ങളാണ്. ഒരു ലോണെടുക്കാനോ, സ്ഥലം വിൽപ്പന നടത്താനോ, കൈമാറാനോ പോലും കഴിയാത്ത ദുർ സ്ഥിതിയിൽ തുടരുമ്പോഴും രാഷ്ട്രീയക്കാരെ പോറ്റി വളർത്തുന്നവരാണ് ഇടുക്കാരെന്നതാണ് വിരോധാഭാസം.
ഒരു തെരഞ്ഞെടുപ്പിലെങ്കിലും ഈ രാഷ്ട്രീയക്കാരെ പടിക്ക് പുറത്തു നിർത്താൻ ഇടുക്കിക്കാർക്ക് കഴിഞ്ഞാൽ അപ്പോൾ ഉണ്ടാകും ഈ വിഷയങ്ങളിലെ പരിഹാരം.
ഇന്ന് പല വിഷയങ്ങളും സങ്കീർണമാക്കിയത് വകുപ്പിൽ നിന്നും പുറപ്പെടുന്ന ഉത്തരവുകളും കോടതി ഇടപെടലുകളുമാണ്. ഇതിനെ മറികടക്കാൻ ഭരിക്കുന്ന സർക്കാരിന് കഴിയുമെന്നിരിക്കെ ഇക്കാര്യത്തിൽ തുടരുന്ന നിസംഗത തന്നെയാണ് ഇടുക്കിക്ക് തിരിച്ചടിയാകുന്നത്. അത് തിരിച്ചറിയാൻ ഇടുക്കിക്കാർ തയാറാകണമെന്ന് മാത്രം.
Join Our Whats App group
Post A Comment: