ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണു മരിച്ച വയോധികയുടെ സംസ്കാരം ബുധനാഴ്ച്ച ചീന്തലാർ സിഎസ്ഐ പള്ളിയിൽ. ചൊവ്വാഴ്ച്ച രാവിലെ 8.20 ഓടെയാണ് മലയോര ഹൈവേയിൽ ഏറുമ്പടത്ത് അപകടം നടന്നത്.
ചീന്തലാര്‍ കാറ്റാടിക്കവല ഒന്നാം ഡിവിഷനില്‍ പരേതനായ രാജമണിയുടെ ഭാര്യ സ്വര്‍ണം രാജാമണി (74)യാണ് മരിച്ചത്. മകളുടെ വീട്ടിലേക്ക് പോകുന്നതിനായി ഏറമ്പടത്തു നിന്നും ബസിൽ കയറിയ ഇവർ ബസ് 100 മീറ്റർ പിന്നിടുന്നതിനു മുമ്പ് ഡോർ തുറന്ന് തെറിച്ചു വീഴുകയായിരുന്നു.
റോഡിലെ കൊടും വളവാണ് വില്ലനായതെന്നാണ് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ബസിനുള്ളിലേക്ക് കയറിയ രാജാമണി ബസ് വളവ് വീശിയപ്പോൾ തെറിച്ച് ഡോറിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ ലോക്കിലേക്ക് വീണതോടെ ലോക്ക് അമർന്ന് ഡോർ തുറന്ന് ഇവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
വീഴ്ച്ചയിൽ ഗുരുതര പരുക്കേറ്റ ഇവരെ ഉടൻ തന്നെ ഏലപ്പാറയിലെത്തിച്ച് കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു. വര്‍ഷങ്ങളായി പീരുമേട് ടീ കമ്പനിയിലെ തൊഴിലാളിയായിരുന്നു സ്വര്‍ണം.
സംഭവത്തില്‍ പീരുമേട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ശശി, ശശികല. മരുമക്കള്‍: സ്റ്റെല്ല, രാജന്‍ പരുത്തിവിള. സംസ്‌കാരം ബുധൻ ഉച്ചയ്ക്ക് മൂന്നിന് ചിന്തലാര്‍ സെന്‍റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളിയില്‍.
Join Our Whats App group
Post A Comment: