കൈയിൽ കാശും ഭരണ കക്ഷിയിൽ പിടിപാടുമുണ്ടെങ്കിൽ ഇടുക്കിയിൽ ആർക്കും എവിടെയും കൈയേറാം. അടുത്തിടെയായി ഇടുക്കിയിൽ നടക്കുന്നത് ഇത്തരം ഇരട്ട നീതിയാണെന്ന വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
ചൊക്രമുടിയിൽ തുടങ്ങി രാമക്കൽമെട്ടിലും പരുന്തുംപാറയിലും ആനവിലാസം ചപ്പാത്തിലും എല്ലാം കാണുന്നത് ഈ കാഴ്ച്ചകളാണ്. പതിറ്റാണ്ടുകളായി പട്ടയമെന്ന സ്വപ്നം ബാക്കിയാക്കി സാധാരണക്കാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോൾ പട്ടയം പോയിട്ട് ഒരു തുണ്ടു കടലാസിന്‍റെ പോലും പിൻബലമില്ലാതെ വൻകിടക്കാർ ബഹുനിലകെട്ടിടങ്ങൾ അനായാസം പണിതുയർത്തുകയാണ്.
സിഎച്ച്ആർ കേസ് പരിഗണിച്ച സുപ്രീം കോടതി ആനവിലാസം അടക്കമുള്ള വില്ലേജുകളിൽ വാണിജ്യ നിർമാണം ഇനിയൊരു വിധി ഉണ്ടാകുന്നതുവരെ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.
ഇത് മറികടന്നാണ് ആനവിലാസം വില്ലേജിലെ കെ. ചപ്പാത്ത് പ്രദേശത്ത് രണ്ട് സ്വകാര്യ വ്യക്തികൾ ബഹുനിലകെട്ടിടം അതിവേഗം പണി തീർത്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളിൽ നിരന്തരം വാർത്ത വന്നിട്ടും ജില്ലാ കലക്റ്റർക്കും വില്ലേജ് ഓഫീസർക്കും രേഖാ മൂലം പരാതി നൽകിയിട്ടും നിർമാണം തടയാൻ ആരും മിനക്കെടുന്നില്ല. റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്ന വാദം ഉയർത്തി കൈയേറ്റക്കാർക്ക് എല്ലാവിധ ഒത്താശയും ചെയ്യുന്നതാണ് ഇവിടുത്തെ റവന്യൂ വകുപ്പിന്‍റെ രീതി.
ഏതാനും നാളുകൾ മുമ്പ് തൊട്ടടുത്ത് പരപ്പ് പ്രദേശത്ത് ഒരു വീട്ടമ്മയുടെ വീട് ജെസിബി കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത് ഇതേ റവന്യൂ വകുപ്പാണ്. പുഴയുമായി അകലം പാലിച്ച് നിലവിലുണ്ടായിരുന്ന വീടിന്‍റെ മുകൾ നിലകെട്ടാൻ ശ്രമിച്ചതായിരുന്നു അവർ ചെയ്‌ത കൊടിയ കുറ്റം.
ഇവിടെ പെരിയാറിന്‍റെ ഒഴുക്ക് തടഞ്ഞ്.... ചതുപ്പ് നികത്തി.. തറ നിരപ്പിൽ നിന്നും വാണിജ്യ ബഹുനില കെട്ടിടം കെട്ടിപ്പൊക്കുകയാണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ആ വീട്ടമ്മയ്ക്ക് രാഷ്ട്രീയ സ്വാധീനമില്ല, പെട്ടിയിൽ പൂത്ത കാശുമില്ല.
ഇവിടെ ചപ്പാത്തിലെ കൈയേറ്റക്കാർക്ക് ഭരണകക്ഷിയിൽ മാത്രമല്ല, പ്രതിപക്ഷത്തുമുണ്ട് പിടി. ചോദിക്കുന്നവർക്കെല്ലാം കാശ്. ആര് പരാതി പറഞ്ഞാലും എന്താ വേണ്ടതെന്ന ചോദ്യം. ഇരന്നു വാങ്ങുന്ന ചില നാണം കെട്ട രാഷ്ട്രീയക്കാർ. ഇതൊക്കെ ഉണ്ടെങ്കിൽ സുപ്രീം കോടതി വിധി മറികടക്കാം, പുഴ കൈയേറാം, ഇനി ഈ സ്ഥലത്തിന് വേണമെങ്കിൽ ഇവർ പട്ടയവും കൊടുക്കും.
ആറേഴ് മാസമായി കെ. ചപ്പാത്തിൽ രണ്ട് സ്വകാര്യ വ്യക്തികൾ വൻകിട കെട്ടിട നിർമാണം നടത്തുകയാണ്. വിഷയം ശ്രദ്ധയിൽപെട്ട് മാധ്യമങ്ങൾ തുടർച്ചയായി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തു. പരാതിയുമായി പ്രദേശവാസികൾ രംഗത്തെത്തി. ഇവർ റവന്യൂ മന്ത്രി അടക്കമുള്ളവരെ വിവരം ധരിപ്പിച്ചു. വില്ലേജ് അധികൃതർ റിപ്പോർട്ട് തഹസിൽദാർക്കും അവിടുന്ന് ജില്ലാ കലക്റ്ററേറ്റിലും റിപ്പോർട്ടെത്തി.
എന്നിട്ടെന്തേ.. ഒന്നുമില്ല. ഇപ്പോഴും മൂടിയിട്ട പടുതക്കുള്ളിൽ നിർമാണം നടന്നുകൊണ്ടേയിരിക്കുന്നു. ആരേലും അറിഞ്ഞിട്ടുണ്ടോ.. പഞ്ചായത്തിൽ ചോദിച്ചാൽ ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോയെന്ന മറുപടി... പോലീസിലോ, അത് ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന്.. ഇനി റവന്യൂ വകുപ്പിൽ ചോദിച്ചാലോ, റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്ന്... മന്ത്രിയും എംഎൽഎയും എംപിയുമൊന്നും പിന്നെ ഇതൊന്നും അറിഞ്ഞിട്ടേയില്ല.
ഇതേപോലെ ഒരു പുറമ്പോക്കിൽ ഒരു സാധാരണക്കാരൻ അവന്‍റെ കിടപ്പാടം കെട്ടിപ്പൊക്കിയാൽ ഇതായിരിക്കുമോ ഇവിടുത്തെ സ്ഥിതി. ഓടിയെത്തും എൻഒസിയില്ല, അനുമതിയില്ല എന്നു പറഞ്ഞ്.
ഇവിടെ പണവും സ്വാധീനവുമുള്ളവന് എല്ലാമുണ്ട്. അവർക്ക് എന്തു തെമ്മാടിത്തരവും കാണിക്കാം. സർക്കാരും നിയമ വ്യവസ്ഥകളും ഉദ്യോഗസ്ഥരും അതിനു കൂട്ടു നിക്കും. ശേഷിക്കുന്നവർ ഇവരുടെ അടിമകളായി ജീവിതം തീർക്കണം.
പക്ഷേ ഇതിലെല്ലാത്തിലും അവസാനമായി ഒരു നീതിന്യായ വ്യവസ്ഥിതിയുണ്ട്.. അതാണ് കോടതി. അങ്ങ് മരടിൽ തുടങ്ങി ചൊക്രമുടിയിലും മൂന്നാറിലും വരെ ഇത്തരം മാഫിയകളെ നിലക്കു നിർത്തിയത് കോടതിയാണ്. അവിടെ ഈ ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിന് വലിയ വില കൊടുക്കേണ്ടി വരും.
Join Our Whats App group
Post A Comment: