www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആര് വാഴും ആര് വീഴും; തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി മുന്നണികൾ

Share it:



കേരളം കാത്തിരിക്കുന്ന വിധിയെഴുത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഉപതെരഞ്ഞെടുപ്പ് നടന്നത് മൂന്ന് മണ്ഡലങ്ങളിലാണെങ്കിലും ലോകമെമ്പാടുമുള്ള മലയാളികൾ നാളത്തെ വിധിയെഴുത്തിനെ ആവേശത്തോടെ നോക്കിയിരിക്കുകയാണ്. 

വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ വിധിയെഴുത്താണ് നാളെ അറിയാനാകുന്നത്. രാവിലെ എട്ടിനു വോട്ടെണ്ണൽ തുടങ്ങും. ആദ്യ മിനിറ്റുകളിൽ ലീഡ് നില അറിയാനാകുമെങ്കിലും 10 ഓടെ തന്നെ ഏകദേശം ധാരണയിലെത്താനാകുമെന്നാണ് കരുതുന്നത്. 

അതിവേഗം വോട്ടെണ്ണൽ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം വോട്ടെടുപ്പ് ദിനം വരെ ആവേശത്തിലായിരുന്ന മുന്നണികൾ വിധി ദിനത്തോടടുക്കുമ്പോൾ അത്ര ആവേശത്തിലല്ലെന്നതാണ് യാഥാർഥ്യം. മൂന്ന് മണ്ഡലങ്ങളിലും അപ്രതീക്ഷിതമായി പോളിങ് കുറഞ്ഞതാണ് മുന്നണികളെയും രാഷ്ട്രീയ പാർട്ടികളെയും ആശങ്കയിലാക്കുന്നത്. 

ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന പ്രിയങ്കാ ഗാന്ധിക്ക് നാല് ലക്ഷം വോട്ടെങ്കിലും ഭൂരിപക്ഷം നേടിക്കൊടുക്കണമെന്നതായിരുന്നു കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ലക്ഷ്യം. എന്നാൽ വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ ആശങ്ക ഉയർന്നു. 

അധികം ആവേശമില്ലാതെ വോട്ടെടുപ്പ് നടന്നത് ചേലക്കരയിലാണ്. ഇവിടെ ഇരു മുന്നണികളും വിജയ പ്രതീക്ഷ കൈവക്കുന്നുണ്ടെങ്കിലും അന്തിമ വിധി എന്താകുമെന്നതിൽ ആശങ്ക നിലനിൽക്കുന്നു. 

വിവാദങ്ങളും കാലുമാറ്റവും തുടങ്ങി രാഷ്ട്രീയ കേരളത്തെ ഇളക്കി മറിച്ച മണ്ഡലം പാലക്കാടാണ്. എന്നാൽ വാർത്താ ചാനലുകളിലെ ആവേശം വോട്ടാക്കി മാറ്റാൻ മുന്നണികൾക്ക് കഴിഞ്ഞിട്ടില്ല. ഏത് ഭാഗത്താണ് വോട്ട് ചോർന്നതെന്നത് നാളെയെ വ്യക്തമാകു. 

പതിവ് രീതികളിൽ നിന്നും മലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയെന്നതിന്‍റെ സൂചനകൾ കഴിഞ്ഞ ചില വർഷങ്ങളായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പുകളിൽ വ്യക്തമാണ്. എൽഡിഎഫ് കഴിഞ്ഞാൽ യുഡിഎഫ് എന്ന പഴയ ചിന്താഗതിയിൽ നിന്നും മലയാളികൾ മാറിയതിന്‍റെ ഫലമായിരുന്നു രണ്ടാം പിണറായി സർക്കാർ. 

ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കുമെന്നുള്ള സങ്കൽപ്പമൊക്കെ മലയാളി മറന്നു കഴിഞ്ഞു. മാധ്യമങ്ങളിൽ നടക്കുന്ന ചൂടേറിയ ചർച്ചകളും നിഗമനങ്ങളുമല്ല വോട്ടർമാരുടെ മനസിലെന്നതിന്‍റെ സൂചനയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്. 

ബിജെപി സീറ്റിൽ സുരേഷ് ഗോപി വിജയിച്ചു കേറിയതും മാറിയ ചിന്താഗതിയുടെ ഫലമാണ്. അങ്ങ് കിഴക്കമ്പലവും സമീപത്തെ നാല് പഞ്ചായത്തും ട്വന്‍റി 20 ഭരിക്കുന്നതും മലയാളിയുടെ മാറിയ ചിന്തയുടെ ഭാഗമാണ്. 

ഇത്തരമൊരു മാറിയ സമീപനമായിരുന്നു മൂന്ന് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടതെന്നാണ് വോട്ടിങ് ശതമാനം നൽകുന്ന സൂചന. രാഷ്ട്രീയ പാർട്ടികളുടെ അടിമത്വത്തിൽ നിന്നും മലയാളികൾ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. നാളത്തെ തെരഞ്ഞെടുപ്പ് ഫലവും ഇത്തരം മാറിയ ചിന്തയുടെ ബാക്കിപത്രമാകട്ടെയെന്ന് ആശംസിക്കാം. 

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

editorial

Post A Comment: