ഇടുക്കി: പീരുമേട്ടിൽ ബസ് കാത്തു നിന്ന സ്‌കൂൾ കൂട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടികൾ സ്‌കൂൾ പരിസരത്തേക്ക് ഓടിക്കയറി ഗേറ്റ് പൂട്ടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കഴിഞ്ഞ ഏതാനും ദിവസമായി കുട്ടിക്കാനം, പീരുമേട്, തട്ടാത്തിക്കാനം പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്. എന്നാൽ ഇവയെ തുരത്തുന്നതിനോ കാടു കയറ്റുന്നതിനോ വനം വകുപ്പ് ശ്രമം നടത്തിയിട്ടില്ല.
പരാതി ഉയർന്നാൽ പടക്കം പൊട്ടിച്ച് ആനയെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതു മാത്രമാണ് ഇവരുടെ പണി. ഇതിനിടെയാണ് ഇന്നലെ സ്‌കൂൾ വിട്ട സമയത്ത് മരിയഗിരി സ്കൂളിനു മുന്നിൽ കാട്ടാന എത്തിയത്.
ഒരു കൂട്ടം വിദ്യാർഥികൾ ഈ സമയത്ത് ബസ് കാത്ത് സ്കൂളിനു മുമ്പിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. തൊട്ടടുത്ത കാട്ടിൽ നിന്നും പാഞ്ഞെത്തിയ കാട്ടാന കുട്ടികൾക്ക് നേരെ ഓടി. ഭയന്നു പോയ കുട്ടികൾ ജീവനും കൊണ്ട് ഓടി സ്കൂൾ ഗേറ്റിനുള്ളിൽ കയറി ഗേറ്റ് പൂട്ടി.
വലിയ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ്. ഓടിയെത്തിയ ആന കുട്ടികളെ ആക്രമിച്ചിരുന്നെങ്കിൽ വലിയ വിപത്ത് തന്നെ സംഭവിക്കുമായിരുന്നു. ആനകൾ ഇത്രയും ഭീതി വിതച്ചിട്ടും നടപടിയെടുക്കാത്ത വനം വകുപ്പിനെതിരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ഉയരുന്നത്.
Join Our Whats App group
Post A Comment: