ആലപ്പുഴ: തപാൽവോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ മുൻ മന്ത്രി ജി. സുധാകരന്‍റെ മൊഴിയെടുത്തു. സുധാകരനെതിരെ കേസെടുക്കാനുള്ല തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശത്തിനു പിന്നാലെയാണ് അമ്പലപ്പുഴ തഹസിൽദാര്‍ കെ. അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി. സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ജി. സുധാകരന്‍റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി.
പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്‍റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ആലപ്പുഴ കലക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയിരുന്നു. തപാൽ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു ഖേല്‍ക്കര്‍ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ ജി സുധാകരൻ വെളിപ്പെടുത്തിയ കാര്യം എഫ്ഐആറിട്ട് കേസെടുക്കേണ്ടതും വിശദമായ അന്വേഷണം നടത്തേണ്ടതുമായ ഗുരുതര നിയമലംഘനമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ.
1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് താൻ ഉള്‍പ്പെടയുള്ളവര്‍ തപാൽ വോട്ടുകള്‍ തിരുത്തിയെന്നായിരുന്നു സുധാകരൻ വെളിപ്പെടുത്തൽ.
Join Our Whats App group
Post A Comment: