ഇടുക്കി: നീന്തുന്നതിനിടെ ഇടുക്കി ജലാശയത്തിൽ മുങ്ങിത്താണ യുവാവ് മരിച്ചു. ഉപ്പുതറ കാക്കത്തോട് പാറയ്ക്കല്‍ തോമസ് ചാക്കോ (ബ്രോക്കര്‍ റോയി)യുടെ മകന്‍ ജെറിന്‍ പി. തോമസ് (മാത്തുക്കുട്ടി- 25) ആണ് മരിച്ചത്. വിജയ് ഫാൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്‍റാണ് ജെറിൻ.
ബുധനാഴ്ച്ച കൂട്ടുകാർക്കൊപ്പം ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അയ്യപ്പന്‍കോവില്‍ ക്ഷേത്രക്കടവിന് സമീപമുള്ള പണ്ടാരക്കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടാകുന്നത്. കുളിക്കുന്നതിനിടെ നീന്തിയ ജെറിൻ മറുകരയെത്തി മടങ്ങവെ കൈകാലുകൾ കുഴഞ്ഞ് വെള്ളത്തിൽ താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഇരട്ടയാര്‍ സ്വദേശി സോബിനും മറ്റൊരു സുഹൃത്തും ബഹളം വക്കുകയും സമീപവാസിയായ കലവനാക്കുന്നേല്‍ സുനില്‍ ഓടിയെത്തി ആഴക്കയത്തില്‍ നിന്ന് ജെറിനെ മുങ്ങിയെടുത്ത് കരക്കെത്തിച്ചു. സോബിന്‍റെ കാറില്‍ ഉപ്പുതറ കമ്യൂണിറ്റി സെന്‍ററില്‍ എത്തിച്ചെങ്കിലും ഇവിടെ ഡോക്ടർ ഇല്ലായിരുന്നു. ഈ സമയത്ത് ജെറിന് ജീവനുണ്ടായിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
അവിടെ നിന്ന് കട്ടപ്പന താലൂക്ക് ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ബിന്ദു (ജോമോള്‍). സഹോദരി: ജോംസി. സംസ്കാരം പിന്നീട്.
Join Our Whats App group
Post A Comment: