ഇടുക്കി: റെഡ് അലർട്ട് തുടരുന്ന ഇടുക്കി ജില്ലയിൽ കനത്ത മഴ. ഞായറാഴ്ച്ച രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ.
കുമളി ടൗണിൽ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. രാത്രിയിലെ മഴയിൽ റോഡിൽ വെള്ളം കയറിയതോടെ രാവിലെ ചില വ്യാപാരികൾക്ക് കടകൾ തുറക്കാൻപോലും പ്രയാസമുണ്ടായി.
കട്ടപ്പന പാറക്കടവിൽ വൈദ്യുത ലൈൻ പൊട്ടി വീണത് ആശങ്കയ്ക്ക് കാരണമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ എത്തി ലൈൻ മാറ്റിയത് ഭീതി ഒഴിവാക്കി. കട്ടപ്പന കുരിശുപള്ളി കുന്തളംപാറയിൽ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു.
മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുമളി, വണ്ടിപ്പെരിയാർ മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതോടെ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. പെരിയാറിലേക്കുള്ള കൈത്തോടുകളും നിറഞ്ഞൊഴുകുകയാണ്.
അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴിയിൽ ജോണിക്കട പാലത്തിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ഇവിടെ തോട്ടിൽ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
 
 
 
 
 
 
 

 
Post A Comment: