ചെന്നൈ: രാജ്യത്തെ തന്നെ ഞെട്ടിച്ച പൊള്ളാച്ചി കൂട്ട ബലാത്സംഗ കേസിൽ ഒൻപത് പ്രതികൾക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. പരാതിക്കാരായ എട്ട് സ്ത്രീകൾക്കായി 85 ലക്ഷം രൂപ നൽകാനും കോയമ്പത്തൂര്‍ മഹിളാ കോടതി ജഡ്ജി ആര്‍. നന്ദിനിദേവി വിധിച്ചു. ബലാത്സംഗം അടക്കം ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
പൊള്ളാച്ചി സ്വദേശികളായ എന്‍ ശബരിരാജന്‍ (32), കെ തിരുനാവുക്കരശ് (34), എം സതീഷ് (33), ടി വസന്തകുമാര്‍ (30), ആര്‍ മണി (32), പി ബാബു (33), ടി ഹരോണിമസ് പോള്‍ (32), കെ അരുള്‍നാഥം (39), എം അരുണ്‍കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കേസിലെ പ്രതികള്‍ ഇരുന്നൂറോളം സ്ത്രീകളെയാണ് പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്.
50 സാക്ഷികളെയും 200-ലധികം രേഖകളും 400 ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. എട്ട് അതിജീവിതമാര്‍ കോടതിക്ക് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തു. പ്രതികള്‍ തങ്ങളുടെ പ്രായവും മാതാപിതാക്കളുടെ വാര്‍ധക്യവും ചൂണ്ടിക്കാട്ടി ദയ ആവശ്യപ്പെട്ടെങ്കിലും സ്ത്രീകള്‍ക്കെതിരായ കൊടുംകുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട വളരെ അപൂര്‍വമായ കേസാണിതെന്ന് വാദിച്ച പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് കോയമ്പത്തൂര്‍ കോടതി സമുച്ചയത്തില്‍ പ്രത്യേക കോടതി രൂപവൽകരിച്ചാണ് വിചാരണ തുടങ്ങിയത്. ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ചായിരുന്നു നടപടികള്‍. 2023 ഫെബ്രുവരി 14-ന് വിചാരണ ആരംഭിച്ചു. പലപ്പോഴും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളുടെ വാദംകേട്ടത്.
2016നും 2018-നുമിടയില്‍ പ്രതികള്‍ പൊള്ളാച്ചിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ ഒട്ടേറെ വിദ്യാര്‍ഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം ചെയ്യുകയും അത് വീഡിയോയില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.
2019 ഫെബ്രുവരി 24-ന് പൊള്ളാച്ചി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 19-കാരിയായ കോളെജ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. 12 ദിവസംമുന്‍പ്, തന്നെ നാലുപേര്‍ ഓടുന്ന കാറില്‍വെച്ച് പീഡിപ്പിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്വര്‍ണമാല കവര്‍ന്നതായും പരാതിയില്‍ വ്യക്തമാക്കി.
തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ നാലുപേര്‍ അറസ്റ്റിലായി. പ്രതികളുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുടെ വീഡിയോദൃശ്യങ്ങള്‍ കണ്ടെത്തി. പ്രതികള്‍ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും വെച്ചായിരുന്നു പീഡനം.
ഇതില്‍ കൂടുതലും നടന്നത് പ്രതിയായ തിരുനാവുക്കരശിന്‍റെ ചിന്നപ്പപ്പാളയത്തുള്ള ഫാം ഹൗസിലായിരുന്നു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേസ് 2019 മാര്‍ച്ച് 12-ന് സിബിസിഐഡിക്ക് കൈമാറി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി കേസ് ഏപ്രില്‍ 25-ന് സിബിഐക്ക് കൈമാറുകയും ചെയ്തു.
സിബിഐ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസില്‍ ശബരിരാജനാണ് മുഖ്യപ്രതിയെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതികള്‍ അറസ്റ്റിലായതോടെയാണ് പീഡനത്തിനിരയായ എട്ടുപേര്‍കൂടി പരാതിയുമായെത്തിയത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: