പാരീസ്: ഹോട്ടൽ മുറിയിൽ തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തെ കുറിച്ച് കോടതി മുറിയിൽ വിശദീകരിച്ച് അമേരിക്കൻ മോഡലും റിയാലിറ്റി താരവുമായ കിം കർദാഷിയാൻ. 2016ൽ പാരീസിലെ പാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കീം ക്രൂരമായി കൊള്ളയടിക്കപ്പെട്ടത്.
തുടർന്ന് കേസിൽ പാരീസ് കോടതിയിലെത്തിയ കിം തന്‍റെ അനുഭവം വ്യക്തമാക്കുകയായിരുന്നു. 2016 ഒക്റ്റോബറിൽ നടന്ന സംഭവത്തിൽ 10 മില്യണ്‍ ഡോളറിന്‍റെ ആഭരണങ്ങള്‍ (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ആണ് അന്ന് അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് മോഷണംപോയത്. മുന്‍ഭര്‍ത്താവ് കാന്യേ വെസ്റ്റ് നല്‍കിയ നാല് മില്യണ്‍ ഡോളര്‍ വില വരുന്ന (ഏകദേശം 33 കോടി രൂപ) വജ്ര മോതിരവും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടിരുന്നു.
സംഭവ ദിവസം ഹോട്ടൽ മുറിയുടെ പുറത്ത് ആരോ നടക്കുന്നതായി തോന്നിയെന്ന് കിം കര്‍ദാഷിയാന്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് യൂണിഫോമിലുള്ള പുരുഷന്മാരും കൈവിലങ്ങിട്ട നിലയില്‍ മറ്റൊരാളും അകത്തേക്ക് വന്നു.
കൈവിലങ്ങിട്ടിരുന്നയാള്‍ ഹോട്ടലിലെ ഒന്നാം നിലയിലെ സഹായി ആയിരുന്നു. എന്താണ് നടക്കുന്നതെന്ന് അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു. അയാളും തന്നെപ്പോലെ അക്രമികളുടെ ഇരയായിരുന്നുവെന്ന് മനസിലായി.
കൊള്ളക്കാര്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട ശേഷം മോതിരം ചോദിച്ചു. ഈ സമയത്ത് തനിക്ക് കുട്ടികളുണ്ടെന്നും വീട്ടിലെത്തണമെന്നും ആവശ്യപ്പെട്ടു. ഒരാള്‍ തലയ്ക്കുനേരെ തോക്കുചൂണ്ടി. മറ്റൊരാള്‍ വായിലും കൈകളിലും ടേപ്പ് ചുറ്റി. അയാള്‍ കാലുകള്‍ പിടിച്ചുവലിച്ചു. നഗ്‌നയാക്കപ്പെട്ട താന്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ പോകുകയാണെന്ന് ഉറപ്പിച്ചെന്നും കിം കോടതിയില്‍ പറഞ്ഞു.
പുറത്തുപോയ സഹോദരി കോര്‍ട്ട്‌നി തിരിച്ചുവരുമ്പോള്‍ തന്‍റെ മൃതദേഹം കാണുമോ എന്നായിരുന്നു ഭയപ്പെടത്. ആ രാത്രി കൊല്ലപ്പെടുമോയെന്ന് ഭയപ്പെട്ടോ എന്ന ചോദ്യത്തിന് ഞാന്‍ ശരിക്കും മരിക്കുമെന്ന് കരുതിയിരുന്നു, എന്നാണ് അവര്‍ നല്‍കിയ മറുപടി.
ആഭരണങ്ങള്‍ എടുത്തശേഷം അവര്‍ തന്നെ ബാത്ത്‌റൂമില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവിടെവെച്ചാണ് ബന്ധിച്ചിരുന്ന ടേപ്പുകള്‍നീക്കം ചെയ്തതെന്നും കിം വ്യക്തമാക്കി.
താഴത്തെ നിലയിലുണ്ടായിരുന്ന സ്‌റ്റൈലിസ്റ്റിനെ വിവരമറിയിച്ചശേഷം പുറത്തൊരിടത്ത് ഒളിച്ചിരിക്കുകയായിരുന്നെന്നും കിം കര്‍ദാഷിയാന്‍ പറഞ്ഞു. അതേസമയം കേസിലെ പ്രധാന പ്രതിക്ക് കിം കോടതിയില്‍വെച്ച് മാപ്പുനല്‍കി. 2016 ഒക്ടോബറില്‍ ഫ്രാന്‍സിലെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നതിനായാണ് കിം എത്തിയത്.
Join Our Whats App group
Post A Comment: