തിരുവനന്തപുരം: കൈമനത്ത് 50 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാമുകനിലേക്കെന്ന് സൂചന. കരുമം സ്വദേശിനി ഷീജയാണ് മരിച്ചത്. ഒഴിഞ്ഞ പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് നിഗമനം എങ്കിലും കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷീജയുടെ ആൺ സുഹൃത്ത് സജികുമാറിലേക്കാണ് അന്വേഷണം നീളുന്നത്. കൊലപാതകമാണോയെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന അടക്കം നടത്തണം.
സജിയുടെ വീടിനു സമീപത്തെ പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. സജികുമാർ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളാണ്. ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്നാണ് ഷീജ ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
കോവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെടുന്നത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയ സജികുമാർ അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഷീജയുമായുള്ള ഇയാളുടെ ഫോൺ ചാറ്റിൽ ഭീഷണി സംബന്ധിച്ച തെളിവുകളുമുണ്ട്. സംഭവ ദിവസം ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് ഷീജയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് നടന്ന തർക്കത്തിനൊടുവിലാണ് ഷീജയുടെ ജീവൻ നഷ്ടമായിരിക്കുന്നത്.
വ്യാഴാഴ്ച്ച രാത്രി പുരയിടത്തിൽ നിന്നും സ്ത്രീയുടെ നിലവിളിയും തീയും പുകയുമുയരുന്നത് പരിസരവാസികൾ ശ്രദ്ധിച്ചിരുന്നു. ശബ്ദം കേട്ട് ചിലർ എത്തിയെങ്കിലും അപ്പോഴേക്കും മൃതദേഹം പൂർണമായും കത്തി കരിഞ്ഞ നിലയിലായിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: