ഇടുക്കി: രാത്രി വൈകിയും ഇടുക്കിയിൽ കനത്ത മഴയും കാറ്റും. റെഡ് അലർട്ട് തുടരുന്ന ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞതോടെ അതിതീവ്രമായി മാറുകയായിരുന്നു. ചിലയിടങ്ങളിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ വൻമരങ്ങൾ അടക്കം കടപുഴകി വീണു.
വൈദ്യുത ലൈനുകൾ വ്യാപകമായി പൊട്ടി വീണതോടെ ഹൈറേഞ്ച് മേഖല ഇരുട്ടിലായി. പലയിടത്തും ഞായറാഴ്ച്ച മുടങ്ങിയ വൈദ്യുതി ബന്ധം തിങ്കൾ രാത്രിയിലും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
കുമളി ടൗണിൽ നാലടിയോളം ഉയരത്തിൽവെള്ളം പൊങ്ങി. സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറിയത് വലിയ പ്രതിസന്ധിക്ക് കാരണമായി. പെരിയാർനദി കരകവിഞ്ഞൊഴുകിയതോടെ തീര പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്.
കട്ടപ്പനയാറിലും ജലനിരപ്പ് കുതിച്ചുയർന്നു. ഇതോടെ കട്ടപ്പനയാറിന്‍റെ തീര പ്രദേശത്ത് വെള്ളം കയറി. ഏലപ്പാറ- പശുപ്പാറ റോഡിൽ കരുന്തരുവിക്ക് സമീപം മണ്ണിടിഞ്ഞു. അടിമാലി- കുമളി ദേശീയപാതയിൽ വള്ളക്കടവ് കരിമ്പാനിപ്പടി ബൈപ്പാസ് റോഡിനു സമീപത്തും ചപ്പാത്തിലും വൻമരങ്ങൾ കടപുഴകി വീണു. മേട്ടുക്കുഴിയിലും കടശിക്കടവിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.
രാത്രി വൈകിയും മഴ ശക്തമായി തുടരുന്നത് ആശങ്കയായിട്ടുണ്ട്. രണ്ട് ദിവസത്തിലേറെയായി വൈദ്യുതി ഇല്ലാതായതോടെ മിക്കവരുടെയും മൊബൈൽ ഫോണുകൾ അടക്കം നിശ്ചലമായിരിക്കുകയാണ്. ഇതിനാൽ തന്നെ എന്തെങ്കിലും ദുരന്തമുണ്ടായാൽ പുറം ലോകത്തെ അറിയിക്കാനും വൈകിയേക്കും.
Join Our Whats App group
Post A Comment: