ഇടുക്കി: ജോലിക്ക് പോയ വീട്ടമ്മയെ കാട്ടാന അടിച്ചു കൊന്നു. ഇടുക്കി മൂന്നാർ പന്നിയാർ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശി മോഹന്‍റെ ഭാര്യ പരിമള (44)യാണ് മരിച്ചത്.
പന്നിയാറിനും പന്തിക്കളത്തിനും ഇടയിൽ രാവിലെ 7.45 ഓടെയായിരുന്നു സംഭവം. തേയില എസ്റ്റേറ്റിൽ കൊളുത്തു നുള്ളാൻ പോകുമ്പോഴാണ് പരിമളവും കൂടെയുണ്ടായിരുന്ന പഴനിയമ്മയും കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിമളയെ കാട്ടാന അടിച്ചു വീഴ്ത്തി.
പരിമളയുടെ തലക്കും ഇടതു കൈക്കും ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ എത്തി ബഹളം വച്ചതോടെ കാട്ടാനക്കൂട്ടം പിന്തിരിഞ്ഞു പോയി. ആറ് കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരുക്കേറ്റ പരിമളയെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: മണികണ്ഠപ്രകാശ്, ഭാരതി മോനിഷ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
 
 
 
 
 
 
 

 
Post A Comment: