ഇടുക്കി: ഇരട്ടയാറിൽ ടണൽ മുഖത്ത് ഒഴുക്കിൽപെട്ട് കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കായംകുളം സ്വദേശികളായ പൊന്നപ്പൻ- രജിത ദമ്പതികളുടെ മകൻ അമ്പാടി ആണ് മരിച്ചത്. ഉപ്പുതറ സ്വദേശികളായ രതീഷ്- സൗമ്യ ദമ്പതികളുടെ മകൻ അക്കു (13)വിനെയാണ് കാണാതായത്.
കുട്ടിക്കായി ടണലിന്‍റെ ഇരുഭാഗത്തും തിരച്ചിൽ തുടരുകയാണ്. ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണൽ മുഖത്താണ് കുട്ടികളെ ഒഴുക്കിൽപെട്ട് കാണാതായത്. ഡാമിനോട് ചേർന്ന പ്രദേശത്ത് കളിക്കുന്നതിനിടെ പന്ത് വെള്ളത്തിൽപോയപ്പോൾ ഇതെടുക്കാനായി കുട്ടികൾ വെള്ളത്തിലിറങ്ങുകയായിരുന്നുവെന്നാണ് നിഗമനം.
നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. മറ്റു രണ്ട് കുട്ടികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഓടിയെത്തിയ നാട്ടുകാർ ഒരു കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും രണ്ടാമത്തെ കുട്ടി ഒഴുക്കിൽപെടുകയായിരുന്നു.
കുട്ടി ടണലിലൂടെ ഒഴുകി പോയിരിക്കാമെന്ന നിഗമനത്തിൽ അഞ്ചുരുളി ഭാഗത്തും തിരച്ചിൽ നടത്തുന്നുണ്ട്. ടണലിന് നാലര കിലോമീറ്ററോളം ദൈർഘ്യമുണ്ട്.
ഇടുക്കി ജലാശയത്തിലേക്കാണ് ടണൽ വഴി വെള്ളം എത്തുന്നത്. അഗ്നി ശമനാ സംഘം എത്തുന്നതിന് മുമ്പ് കുട്ടി ഒഴുകി മറുഭാഗത്ത് എത്തിയോയെന്നും സംശയിക്കുന്നുണ്ട്. ടണൽ മുഖത്തെ കനത്ത ഒഴുക്ക് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: