ഇടുക്കി: ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ അനധികൃത നിര്‍മാണക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കും തണലായി റവന്യൂ വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍. കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരെ നടപടിയെടുക്കേണ്ട അധികൃതര്‍ ഇത്തരം മാഫിയാ സംഘങ്ങൾക്ക് കൂട്ടു നിൽക്കുന്ന കാഴ്ച്ചയാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
പെരിയാര്‍ തീര പ്രദേശത്തടക്കം നിരവധി കെട്ടിടങ്ങളാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. ജില്ലാ ഭരണകുടവും കോടതികളും നിരന്തരം ഇടപെട്ടിട്ടും താഴെ തട്ടിലെ ചില ഉദ്യോഗസ്ഥര്‍ കൈയേറ്റ മാഫിയകളുടെ പിണിയാളന്‍മാരായി മാറുകയാണ്.
സാധാരണക്കാരായ കര്‍ഷകര്‍ കിടപ്പാടം പുതുക്കി പണിയുകയോ, പുതുതായി ഒരു മുറി പിടിക്കുകയോ ചെയ്താല്‍ നടപടിയുമായി ഓടിയെത്തുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പുഴയോരങ്ങളില്‍ ബഹുനില വാണിജ്യ കെട്ടിടം പടുത്തുയര്‍ത്താന്‍ കൂട്ടു നില്‍ക്കുകയാണ്.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പരാതി വിളിച്ചറിയിക്കുന്നവരുടെ പേരു വിവരങ്ങള്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കും കൈയേറ്റക്കാര്‍ക്കും കൈമാറുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന സംഘം ഭൂ വിഷയത്തില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായിട്ടുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
അടുത്തിടെ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കെ. ചപ്പാത്തില്‍ പുഴ കൈയേറി നടന്ന അനധികൃത നിര്‍മാണത്തില്‍ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. പകല്‍ കൈയേറ്റക്കാര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ അധികൃതര്‍ രാത്രിയില്‍ ഇവരോട് നിര്‍മാണം നടത്താന്‍ രഹസ്യ സമ്മതം നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Join Our Whats App group
Post A Comment: