കട്ടപ്പന: വിദ്യാർഥികൾക്ക് വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ കട്ടപ്പന നഗരത്തിലെ ഹോട്ടൽ അടപ്പിച്ച് ആരോഗ്യ വകുപ്പ്. കട്ടപ്പന പള്ളിക്കവലയിലെ എയ്‌സ് ഹോട്ടലാണ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അടപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും പൊറോട്ടയും ചിക്കൻ കറിയും ഓർഡർ ചെയ്‌ത വിദ്യാർഥികൾ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ട സംഭവം സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെയാണ് നഗരസഭാ ആരോഗ്യ വിഭാഗം നടപടിയുമായി രംഗത്തെത്തിയത്.
ഹോട്ടലിൽ പരിശോധന നടത്തിയ ആരോഗ്യ വിഭാഗം വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് ജിന്‍സ് സിറിയക്കിന്‍റെ നേതൃത്വത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. പരിശോധനക്ക് ശേഷം ഹോട്ടൽ അടപ്പിച്ചു.
അതേസമയം കട്ടപ്പന നഗരത്തിലെ ഹോട്ടലുകളിൽ സമാന സംഭവങ്ങൾ നിത്യേനയെന്നോണം നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഇടക്കിടെ പ്രഹസനമെന്നോണം പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ നടപടിയെടുക്കാത്തതാണ് ഹോട്ടലുകൾക്ക് തുണയാകുന്നത്.
മോശം ഭക്ഷണവും വൃത്തി ഹിനമായ സാഹചര്യവും കണ്ടെത്തിയാലും നിസാര പിഴ ഈടാക്കിയ ശേഷം ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകും. ഇതോടെ ഇതിലും വൃത്തി ഹിനമായി വീണ്ടും ഹോട്ടലുകൾ പ്രവർത്തിക്കുന്നതാണ് പതിവ്. നഗരത്തിൽ രണ്ടിലേറെ തവണ മോശം ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകൾ ഇപ്പോഴും നിർബാധം പ്രവർത്തനം തുടരുന്നുണ്ട്.
Join Our Whats App group
Post A Comment: