ഇടുക്കി: വിവാഹ നിശ്ചയത്തിനു പോയപ്പോൾ നോക്കാനേൽപ്പിച്ച വീട്ടിൽ നിന്നും സ്വർണം മോഷ്‌ടിച്ചു വിറ്റ യുവതിയെ പൊലീസ് തന്ത്രപൂർവം കുടുക്കി. ഇടുക്കി തൂക്കുപാലത്താണ് സംഭവം നടന്നത്. ചോറ്റുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജു (25)വാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ജുവിന്‍റെ അയൽവീട്ടിൽ താമസിക്കുന്ന ജ്യോതിഷ്ഭവൻ ജനാർദ്ദനൻപിള്ളയുടെ മകൾ ജ്യോതിലക്ഷ്മിയുടെ ഒന്നര പവൻ വരുന്ന ആഭരണമാണ് മോഷണം പോയത്. ജ്യോതിലക്ഷ്മിയുടെ സഹോദരൻ ജ്യോതിഷിന്‍റെ വിവാഹനിശ്ചത്തിനായി
കുടുംബം ഒന്നാകെ ഒന്നാം തീയതി പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തേക്ക് പോയിരുന്നു. രാത്രി എട്ടോടെ തിരികെയെത്തുകയും ചെയ്തു. ഈ സമയം കുടുംബവുമായി നല്ല ബന്ധം പുലർത്തിയ അയൽവാസിയായ മഞ്ജുവിന്‍റെ കൈയിൽ താക്കോൽ ഏൽപ്പിച്ചാണ് ഇവർ പോയത്.
തിരികെയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. വീടിനുള്ളിലെ വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ ഒന്നും മോഷണം പോകാത്തതിനാൽ സംശയം തോന്നിയ വീട്ടുകാർ മഞ്ജുവിനോട് തിരക്കിയെങ്കിലും ഇവർ മോഷണം നിഷേധിച്ചു. തുടർന്ന് വീട്ടുകാർ നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ സ്വർണം വിറ്റതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മഞ്ജുവാണ് വിൽപ്പന നടത്തിയതെന്ന് കണ്ടെത്തിയതോടെയാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്.
ജുവലറിയിൽ ജ്യോതിലക്ഷ്മിയുടെ പേരിലായിരുന്നു മഞ്ജു സ്വർണം മാറി വാങ്ങിയതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ. ജർളിൻ വി സ്ക്കറിയ, എസ്ഐ ടി.എസ് ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ അഷ്റഫ്, ബൈജു, വനിതാ പൊലീസ് ഓഫീസർമാരായ റസിയ, നിതു, രഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Join Our Whats App group
Post A Comment: