ഇടുക്കി: കട്ടപ്പനയെ നടുക്കിയ ആഭിചാര കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. നവജാത ശിശുവും വയോധികനും അടക്കം രണ്ട് പേരെ ആഭിചാര ക്രിയകൾ നടത്തുന്ന യുവാവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന വിവരമാണ് പൊലീസ് പുറത്ത് വിടുന്നത്.
കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായ നിതീഷ്, വിഷ്ണു എന്നിവരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വിഷ്ണുവിന്‍റെ പിതാവും സഹോദരിയുടെ നവജാത ശിശുവും കൊല്ലപ്പെട്ടെന്ന വിവരമാണ് പ്രതികളിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ളത്.
ഇതനുസരിച്ച് പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. മൃതദേഹങ്ങൾ മറവുചെയ്‌തെന്ന് സംശയിക്കുന്ന വീടിന് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് നയിച്ചത് നിതീഷിന്‍റെ ആഭിചാര ക്രിയകളായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.
ഇലന്തൂർ മോഡലിൽ ആഭിചാര ക്രിയകൾ നടത്തുന്ന ഇയാൾ ദുർമന്ത്രവാദത്തിന്‍റെ മറവിൽ ലൈംഗിക ചൂഷണം അടക്കമുള്ള കൊടും കുറ്റങ്ങൾ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ ഇടപാടുകൾ സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്. എവിടെ നിന്നാണ് ഇയാൾ ആഭിചാരം പഠിച്ചതെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകളോളം പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. നാളെ മൃതദേഹം മറവു ചെയ്‌തെന്ന് കരുതുന്ന പ്രദേശത്ത് പരിശോധന നടത്താനാണ് പൊലീസ് നീക്കം. ഇവിടം ഇപ്പോൾ കനത്ത പൊലീസ് കാവലിലാണ്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
കട്ടപ്പനയിൽ ഇലന്തൂർ മോഡൽ ആഭിചാര കൊല ?
കട്ടപ്പന: കേരളത്തെ നടുക്കിയ ഇലന്തൂർ ആഭിചാര കൊലയ്ക്ക് സമാനമായ സംഭവം ഇടുക്കി കട്ടപ്പനയിൽ നടന്നതായി സൂചന. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ പിടിയിലായ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇരട്ട കൊലപാതകം സംബന്ധിച്ച വിവരം പുറത്ത് വന്നത്.
സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവു ചെയ്‌തെന്ന് സംശയിക്കുന്ന വീടും പരിസരവും ഇപ്പോൾ പൊലീസ് കാവലിലാണ്. ഏതാനും ദിവസം മുമ്പാണ് കട്ടപ്പന നഗരത്തിലെ വർക്ക് ഷോപ്പിൽ നിന്നും ഇരുമ്പു സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലാകുന്നത്.
മോഷണ സമയത്ത് വർക്ക് ഷോപ്പ് ഉടമയുടെ മകൻ സ്ഥലത്തെത്തുകയും മോഷണം നേരിൽ കാണുകയുമായിരുന്നു. തുടർന്നുണ്ടായ മൽപിടുത്തത്തിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാക്കളിൽ ഒരാൾക്ക് വീണു പരുക്കേറ്റു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ റിമാൻഡിലാണ്.
ഇവരെ ചോദ്യം ചെയ്‌തതോടെയാണ് നടുക്കുന്ന സംഭവങ്ങളിലേക്ക് വഴി തുറന്നത്. മോഷ്ടാക്കളിൽ ഒരാൾ ആഭിചാര ക്രിയകൾ നടത്തുന്നയാളാണെന്നാണ് ലഭിക്കുന്ന വിവരം. ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ടാണ് ഇയാൾ ഒപ്പമുണ്ടായിരുന്ന യുവാവുമായി സൗഹൃദത്തിലായത്.
ഇലന്തൂർ മോഡലിൽ ആഭിചാര ക്രിയകൾ നടത്തുന്ന പ്രതി ഇത്തരത്തിൽ ആഭിചാര ക്രിയക്കിടെ യുവതിയെ ഗർഭിണിയാക്കിയെന്നും തുടർന്ന് യുവതിയ്ക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നുമുള്ള സൂചനകളാണ് പൊലീസിന് ലഭിക്കുന്നത്. സമാനമായി ഒരു വയോധികനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മണിക്കൂറുകളോളം പ്രതിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതിനാൽ തന്നെ കൊലപാതകം സംബന്ധിച്ച് ഇവർ നൽകിയിരിക്കുന്ന മൊഴികൾ പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കൊലപാതക ശേഷം മൃതദേഹം കുഴിച്ചിട്ടെന്ന് പ്രതികൾ പറയുന്ന വീടാണ് ഇപ്പോൾ പൊലീസ് കാവലിലുള്ളത്. ഇവിടെ ഉടൻ തന്നെ പൊലീസ് മണ്ണ് നീക്കി പരിശോധന നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹാവശിഷ്ടം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകു. സംഭവത്തിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post A Comment: