കാസര്‍കോട്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്ക്. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോയ മെഹബൂബ് ബലാണ് ചാലിങ്കാലില്‍ അപകടത്തില്‍പെട്ടത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. കാസര്‍കോട് മധൂര്‍ രാംനഗര്‍ സ്വദേശി ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയര്‍ഫോഴ്സ് എത്തിച്ച ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു. ചേതന്‍ കുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കും.
Join Our Whats App group
Post A Comment: