കട്ടപ്പന: ദുർമന്ത്രവാദിയുമായി കൂട്ടു ചേർന്ന് സ്വന്തം പിതാവിനെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി മറവു ചെയ്‌ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യ പ്രതികളായ കട്ടപ്പന പാറക്കടവ് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ് -31), കക്കാട്ടുകട, നെല്ലിപ്പള്ളിൽ വിഷ്ണു (27) എന്നിവരെ ഒരേ സമയം ചോദ്യം ചെയ്‌തതോടെയാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നും അവശിഷ്ടം തോട്ടിൽ ഒഴുക്കിയെന്നുമാണ് പ്രതികൾ ഇപ്പോൾ നൽകിയിരിക്കുന്ന വിവരം.
പ്രതികളുടെ മൊഴികളും സാഹചര്യ തെളിവുകളും പരിശോധിച്ച പോലീസ് മൃതദേഹാവശിഷ്ടം 2018ലെ പ്രളയത്തിൽ ഒലിച്ചുപോയെന്ന നിഗമനത്തിലാണ്. ഇതോടെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ തെളിവു കണ്ടെത്തുക അസാധ്യമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്.
നേരത്തെ കൊലപാതകം സംബന്ധിച്ച് വ്യത്യസ്തങ്ങളായ വിവരങ്ങളാണ് പ്രതികൾ നൽകിയിരുന്നത്. എന്നാൽ രണ്ട് പ്രതികളെയും ഒന്നിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരം പുറത്ത് വന്നിരിക്കുന്നത്.
ബുധനാഴ്ച്ച പ്രതികളെ കക്കാട്ടുകടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികൾ പരസ്പരം കുറ്റപ്പെടുത്തുന്നതും കാണാമായിരുന്നു. കൊലപാതകം നടത്തിയത് നിതീഷ് ആണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ കൂടെ നിർത്തിയതാണെന്നും വിഷ്ണു പറയുന്നുണ്ടായിരുന്നു.
വിഷ്ണുവിന്‍റെ കാലിന് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്നതിനാൽ ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് എത്തിക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കാലിന് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
Join Our Whats App group
Post A Comment: