കട്ടപ്പന: കേരളത്തെ നടുക്കിയ ഇലന്തൂർ ആഭിചാര കൊലയ്ക്ക് സമാനമായ സംഭവം ഇടുക്കി കട്ടപ്പനയിൽ നടന്നതായി സൂചന. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ പിടിയിലായ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇരട്ട കൊലപാതകം സംബന്ധിച്ച വിവരം പുറത്ത് വന്നത്.
സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവു ചെയ്‌തെന്ന് സംശയിക്കുന്ന വീടും പരിസരവും ഇപ്പോൾ പൊലീസ് കാവലിലാണ്. ഏതാനും ദിവസം മുമ്പാണ് കട്ടപ്പന നഗരത്തിലെ വർക്ക് ഷോപ്പിൽ നിന്നും ഇരുമ്പു സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലാകുന്നത്.
മോഷണ സമയത്ത് വർക്ക് ഷോപ്പ് ഉടമയുടെ മകൻ സ്ഥലത്തെത്തുകയും മോഷണം നേരിൽ കാണുകയുമായിരുന്നു. തുടർന്നുണ്ടായ മൽപിടുത്തത്തിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാക്കളിൽ ഒരാൾക്ക് വീണു പരുക്കേറ്റു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ റിമാൻഡിലാണ്. വർക്ക് ഷോപ്പിൽ നടന്ന മോഷണവും ആഭിചാര ക്രിയകളുടെ ഭാഗമായിരുന്നെന്നാണ് വിവരം.
ഇവരെ ചോദ്യം ചെയ്‌തതോടെയാണ് നടുക്കുന്ന സംഭവങ്ങളിലേക്ക് വഴി തുറന്നത്. മോഷ്ടാക്കളിൽ ഒരാൾ ആഭിചാര ക്രിയകൾ നടത്തുന്നയാളാണെന്നാണ് ലഭിക്കുന്ന വിവരം. ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ടാണ് ഇയാൾ ഒപ്പമുണ്ടായിരുന്ന യുവാവുമായി സൗഹൃദത്തിലായത്.
ഇലന്തൂർ മോഡലിൽ ആഭിചാര ക്രിയകൾ നടത്തുന്ന പ്രതി ഇത്തരത്തിൽ ആഭിചാര ക്രിയക്കിടെ യുവതിയെ ഗർഭിണിയാക്കിയെന്നും തുടർന്ന് യുവതിയ്ക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നുമുള്ള സൂചനകളാണ് പൊലീസിന് ലഭിക്കുന്നത്. സമാനമായി ഒരു വയോധികനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മണിക്കൂറുകളോളം പ്രതിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതിനാൽ തന്നെ കൊലപാതകം സംബന്ധിച്ച് ഇവർ നൽകിയിരിക്കുന്ന മൊഴികൾ പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കൊലപാതക ശേഷം മൃതദേഹം കുഴിച്ചിട്ടെന്ന് പ്രതികൾ പറയുന്ന വീടാണ് ഇപ്പോൾ പൊലീസ് കാവലിലുള്ളത്. ഇവിടെ ഉടൻ തന്നെ പൊലീസ് മണ്ണ് നീക്കി പരിശോധന നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹാവശിഷ്ടം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകു. സംഭവത്തിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: