കട്ടപ്പന: ഹവാല ആരോപണം തുടങ്ങി വാതിൽപ്പടി പണം വിതരണ ആരോപണം വരെ നേരിട്ട കട്ടപ്പന ഫെസ്റ്റ് കഴിഞ്ഞിട്ടും പിടിവിടാതെ ശകുനപ്പിഴ. ഫെസ്റ്റ് നടത്തിപ്പിനായി കട്ടപ്പന നഗരസഭാ മൈതാനിയിൽ സ്ഥാപിച്ച കൂറ്റൻ ഇരട്ടപ്പന്തൽ കാറ്റത്ത് നിലംപൊത്തി.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ഇരുമ്പു കേഡറുകളും തകര ഷീറ്റുകളുമായി കൂറ്റൻ പന്തൽ നിലംപൊത്തിയത്. ഈ സമയത്ത് പന്തലിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.
പന്തൽ അഴിക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഫെസ്റ്റ് അവസാനിച്ചത്. ഫെസ്റ്റ് നടക്കുന്ന സമയത്തായിരുന്നു അപകടമെങ്കിൽ വൻ ദുരന്തത്തിന് കട്ടപ്പന സാക്ഷ്യം വഹിക്കുമായിരുന്നു.
ഡിസംബര്‍ 20 നാണ് കട്ടപ്പനയിൽ ഫെസ്റ്റ് ആരംഭിച്ചത്. ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലും പുറത്തും വലിയ വിവാദങ്ങൾ നടന്നിരുന്നു.
ഫെസ്റ്റ് നടത്തിപ്പിന് ബിനാമി പേരിൽ കൊട്ടേഷൻ പിടിച്ച ഭരണ കക്ഷി അംഗം നഗരത്തിലെ നിരവധി പേർക്ക് പണം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം.
വിവാദങ്ങൾ ചീത്തപ്പേരായതോടെ ഫെസ്റ്റ് നിർത്തിവയ്ക്കാൻ ഭരണകക്ഷിയിൽ തന്നെ തീരുമാനമുണ്ടായി. എന്നാൽ ഇതിനെ മറികടക്കാൻ തൽപ്പര കക്ഷികൾ ചേർന്ന് അടിയന്തിര കൗൺസിൽ യോഗം കൂടി.
കൗൺസിൽ പൊളിക്കാൻ ഭരണകക്ഷിയിലെ തന്നെ 13 അംഗങ്ങൾ വിട്ടു നിന്നതും ബിജെപിയുടെ കൂട്ട് പിടിച്ച് കോറം തികക്കേണ്ടിവന്നതും കട്ടപ്പനയിലെ നഗരസഭാ ഭരണ സമിതിക്ക് കളങ്കമുണ്ടാക്കി.
ഇതിനിടെ ഫെസ്റ്റ് നീട്ടിക്കൊണ്ടുപോകാൻ അവസരം തേടി നടത്തിപ്പുകാർ നേതാക്കളുടെ വീടിന്‍റെ തിണ്ണ നിരങ്ങിയതും വിവാദമായി. ഒടുക്കം എങ്ങനെയും ഫെസ്റ്റ് നിർത്തി തടിയൂരാനായിരുന്നു നഗരസഭയുടെ ശ്രമം.
ഫെസ്റ്റ് വിവാദങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കെ രണ്ടാമത്തെ ദുരന്തമാണ് വെള്ളിയാഴ്ച്ച ഉണ്ടായിരിക്കുന്നത്. നേരത്തെ ഫെസ്റ്റിനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പ് തലയിൽ വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവം ഒതുക്കി തീർത്തതിനു പിന്നാലെയാണ് ഇപ്പോൾ ഫെസ്റ്റിനായി സ്ഥാപിച്ച കൂറ്റൻ പന്തൽ നിലംപൊത്തിയിരിക്കുന്നത്.
Join Our Whats App group
Post A Comment: