ഇടുക്കി: പുറം ലോകത്തെത്താൻ കിലോമീറ്ററുകൾ താണ്ടേണ്ട ഇടമലക്കുടി വരെ സ്മാർട്ടായിട്ടും അയ്യപ്പൻകോവിൽ പഞ്ചായത്ത് ഇന്നും പതിറ്റാണ്ടുകൾ പുറകിൽ.
രാജ്യം ഫൈവ് ജിയിലേക്ക് കുതിക്കുമ്പോൾ മൊബൈൽ ഫോണിനു റേഞ്ച് തപ്പി കുന്നും മലയും കയറേണ്ട ഗതികേടിലാണ് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഒൻപത്, പത്ത് വാർഡുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ.
മരുതുംപേട്ട, പച്ചക്കാട് മേഖലകളിലാണ് ആധുനിക കാലത്തും മൊബൈൽ സിഗ്നൽ അന്യമായിരിക്കുന്നത്. സ്വകാര്യ കമ്പനികൾ പ്രദേശത്തോട് അവഗണന കാണിക്കുമ്പോൾ ബിഎസ്എൻഎലിനും ഇതേ നിലപാടാണ്.
ഏതെങ്കിലും ഒരു നെറ്റ് വർക്കിനെങ്കിലും പ്രദേശത്ത് സിഗ്നൽ ലഭ്യമാക്കണമെന്ന ആവശ്യമാണ് പ്രദേശത്തെ സാധാരണക്കാർ ഉയർത്തുന്നത്. മൊബൈൽ സിഗ്നൽ ലഭിക്കാതെ വന്നതോടെ വലിയ തുക മുടക്കി സ്വകാര്യ കമ്പനികളുടെ വൈഫൈ സംവിധാനമാണ് എല്ലാവരും ഉപയോഗിക്കുന്നത്. ഇതാവട്ടെ ഇടക്കിടെ തകരാറിലാകുന്നതും പതിവാണ്.
മൊബൈലിനു സിഗ്നലില്ലാതെ വരുന്നതോടെ പലപ്പോഴും അത്യാവശ്യ കാര്യങ്ങളായ രോഗ വിവരം, മരണം തുടങ്ങിയവ പോലും പരസ്പരം അറിയിക്കാൻ കഴിയാറില്ല. അത്യാവശ്യത്തിന് മൊബൈൽ ഉപയോഗിക്കുമ്പോൾ പരിധിക്ക് പുറത്താണെന്ന മറുപടിയാണ് ലഭിക്കുന്നത്.
വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും സിഗ്നൽ ഇല്ലാത്തതിനാൽ ജോലികാര്യങ്ങൾ ചെയ്യാനാകുന്നില്ല. സ്‌കൂൾ വിദ്യാർഥികൾക്കും മൊബൈൽ സിഗ്നൽ ഇല്ലാതെ വരുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. പ്രദേശത്തെ മൊബൈൽ സിഗ്നൽ പ്രശ്നം രൂക്ഷമാണെങ്കിലും സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി നാളിതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല.
സ്ഥലം എംഎൽഎയ്ക്കടക്കം പ്രദേശവാസികൾ ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്‌തവർ അത്യാവശ്യം ഫോൺ വിളിക്കാൻ മൊബൈൽ സിഗ്നൽ നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Join Our Whats App group
Post A Comment: