ഇടുക്കി: കൊള്ള ലാഭം ലക്ഷ്യമിട്ട് ഫെസ്റ്റ് തിയതി നീട്ടിയെടുക്കാൻ യുവ നേതാവ് കട്ടപ്പനയിൽ നടത്തിയത് നാടകീയ നീക്കങ്ങൾ. ഡിസംബറിൽ ആരംഭിച്ച കട്ടപ്പന ഫെസ്റ്റ് സാമ്പത്തിക ഇടപാടുകളിൽ നഗരസഭയ്ക്ക് പേരുദോഷം കേൾപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഹവാല ആരോപണം വരെ ഉയർന്നതിനു പിന്നാലെ ഉദ്ഘാടനത്തിൽ നിന്നും മന്ത്രി അടക്കം വിട്ടു നിന്നിരുന്നു. ഇതോടെ ഭരണ കക്ഷിയായി കോൺഗ്രസിലെ എ ഗ്രൂപ്പ് ഒന്നടങ്കം ഫെസ്റ്റിനെതിരെ നിലപാടെടുത്തു.
എയിലും ഐയിലും ഇല്ലാതെ വേണുഗോപാൽ പക്ഷമെന്ന് പറഞ്ഞു നടക്കുന്ന യുവ നേതാവാണ് ഇത്തവണ ബിനാമി പേരിൽ ഫെസ്റ്റ് പിടിച്ചിരിക്കുന്നത്. ഫെസ്റ്റ് നടത്തിപ്പുകാരിൽ നിന്നും കൊള്ള ലാഭം നേടാൻ തിയതി നീട്ടിയെടുക്കേണ്ടത് ഇയാളുടെ മാത്രം ആവശ്യമായിരുന്നു.
നഗരസഭാ സ്റ്റിയറിങ് കമ്മിറ്റിയിലും പാർട്ടിക്കുള്ളിലും ഇതിന് എതിർപ്പ് നേരിട്ടതോടെ യുവ നേതാവും ശിങ്കിടികളും ഫെസ്റ്റ് തിയതി നീട്ടിക്കിട്ടാൻ കുറുക്കുവഴികൾ തേടി.
ഇതിനായി പാതിരാത്രിയിലും കൊച്ചുവെളുപ്പാൻ കാലത്തും നേതാക്കളുടെ തിണ്ണ നിരങ്ങുകയായിരുന്നു നേതാവും കൂട്ടാളികളും. ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ വീടുകളിലാണ് യുവ നേതാവും ശിങ്കിടികളും തലയിൽ മുണ്ടുമിട്ട് എത്തിയത്.
പാർട്ടിക്കുള്ളിൽ നിന്നും എങ്ങനെയും അനുമതി നേടുകയായിരുന്നു ലക്ഷ്യം. ഇതിനായി ചില നേതാക്കൾക്ക് വൻ പാരിതോഷികളും കൈമാറിയെന്നാണ് കട്ടപ്പനയിലെ കരക്കമ്പി.
ഒട്ടും വഴങ്ങാതിരുന്ന നേതാക്കളുടെ കാലു തിരുമ്മാൻ വരെ യുവ നേതാവിന് മടിയുണ്ടായിട്ടില്ലത്രേ. ഫെസ്റ്റ് നടത്തിപ്പുകാരൻ നഷ്ടത്തിലാണെന്നും ഇതിനായി തിയതി നീട്ടി നൽകണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ നാളിതുവരെ എത്ര തുക നടത്തിപ്പുകാർക്ക് കിട്ടിയിട്ടുണ്ടെന്നോ, ലാഭം എത്രയെന്നോ യാതൊരു കണക്കുമില്ല. തിയതി നീട്ടി നൽകി നടത്തിപ്പുകാരുടെ കൈയിൽ നിന്നും പണം കൈക്കലാക്കുകയാണ് യുവ നേതാവിന്‍റെ തന്ത്രമെന്നും വിവരമുണ്ട്. ഇതിന്‍റെ വീതം കിട്ടുമെന്ന വിശ്വാസത്തിൽ പാർട്ടിക്കുള്ളിൽ ചിലർ യുവ നേതാവിനെ സപ്പോർട്ട് ചെയ്‌ത് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം പാർട്ടിക്ക് ആകെ ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിൽ യുവ നേതാവിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. മുമ്പും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നിരവധി കാര്യങ്ങൾ ഇയാൾ ചെയ്‌തു കൂട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണെന്നാണ് എതിർ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: