പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നൂറുകണക്കിനു പേർ സമയം ചിലവഴിക്കാനെത്തുന്ന ഫെസ്റ്റ് നഗരികളിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ വരുത്തുന്നത് വലിയ വീഴ്ച്ചകൾ.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ ഉത്സവ സീസണുകളിലാണ് ഫെസ്റ്റുകൾ സജീവമാകുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നടത്തുന്ന ഫെസ്റ്റ് നഗരികളിൽ പക്ഷേ ആളുകളെ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്.
പലതരം സുരക്ഷാ പരിശോധനകൾ നടത്തി മാത്രമാണ് സ്‌കൂളുകളിലും ഇതര സ്ഥലങ്ങളിലും പാർക്കുകൾ ക്രമീകരിക്കുന്നത്. അമ്യൂസ്മെന്‍റ് പാർക്കുകളിൽ അടക്കം സുരക്ഷാ പരിശോധനകൾ കർശനമാണ്.
എന്നാൽ യാതൊരു സുരക്ഷാ പരിശോധനകളും ഇല്ലാതെ, അപകടം നിറഞ്ഞ സാഹചര്യത്തിലാണ് ഫെസ്റ്റുകളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പാർക്കുകൾ ക്രമീകരിക്കുന്നത്. ആകാശ തൊട്ടിൽ തുടങ്ങി വലിയ അപകടങ്ങൾക്ക് കാരണമാകുന്ന ഉപകരണങ്ങളാണ് ഫെസ്റ്റ് നഗരികളിൽ സജീവമാകുന്നത്.
വൻകിട പാർക്കുകളിൽ ഈടാക്കുന്നതിലും വലിയ തുക വാങ്ങിയാണ് ഇവർ ആളുകളെ പ്രവേശിപ്പിക്കുന്നത് പോലും. എന്നാൽ ഇത്തരം ഉപകരണങ്ങളിൽ കയറുന്നവർക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്ന കാര്യത്തിൽ നടത്തിപ്പുകാർക്കോ, ഫെസ്റ്റിന് അനുമതി നൽകുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കോ അറിവുണ്ടായിരിക്കില്ല.
ഉപകരണങ്ങളിൽ കയറുന്നവർ അപകടത്തിൽപെട്ടാൽ രക്ഷാ സംവിധാനങ്ങൾ പോലും ഫെസ്റ്റ് നഗരികളിൽ കാണാറില്ല. ഡോക്‌ടറുടെ സേവനമോ, അത്യവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസോ പോലും ഒരു ഫെസ്റ്റ് നഗരിയിലും കാണാറില്ല.
മിക്ക ഫെസ്റ്റ് നഗരികളിലും ഉപയോഗിക്കുന്ന കളി ഉപകരണങ്ങളിൽ പലതും തുരുമ്പെടുത്തതും കാലപ്പഴക്കമുള്ളവയുമാണ്. മുമ്പ് കട്ടപ്പനയിൽ നടന്ന ഒരു ഫെസ്റ്റിൽ ഇത്തരത്തിൽ ഉപയോഗിച്ച ഒരു ഉപകരണത്തിൽ നിന്നും ഒരു കുട്ടി താഴെ വീണിരുന്നു.
എന്നാൽ സംഘാടകർ വിഷയം ഒതുക്കി തീർത്ത് കളമൂരി. പ്രവേശനത്തിന് തന്നെ വലിയ തുക വാങ്ങുന്ന ഫെസ്റ്റ് നടത്തിപ്പുകാർ സ്റ്റാളുകൾ, ഇത്തരം കളിക്കോപ്പുകൾ എന്നിവയിലൂടെ ലക്ഷങ്ങളുടെ നേട്ടമാണ് കൊയ്യുന്നത്. പരാതികൾ ഉയരാതിരിക്കാൻ പ്രാദേശികമായി പണം വാരിയെറിയുന്നതും ഇത്തരം ഫെസ്റ്റ് നടത്തിപ്പുകാരുടെ രീതിയാണ്.
ഫയർ ആൻഡ് റെസ്‌ക്യൂ, തദ്ദേശ സ്ഥാപനം തുടങ്ങിയവരുടെ അനുമതിയോടെ വേണം ഫെസ്റ്റുകളിൽ ഇത്തരം കളിക്കോപ്പുകൾ സ്ഥാപിക്കാൻ. അനുമതി ലഭിക്കണമെങ്കിൽ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇതൊന്നും മിക്കയിടത്തും നടക്കാറില്ല.
മുമ്പ് ചിറ്റാറിൽ ഒരു കുട്ടിയുടെ മരണത്തിനിടയാക്കിയ ആകാശ തൊട്ടിൽ അപകടം മലയാളികൾ മറന്നിട്ടില്ല. ഹൈറേഞ്ച് മേഖലയിൽ വീണ്ടും ഫെസ്റ്റുകൾ സജീവമാകുമ്പോൾ സമാനമായ അപകടങ്ങൾ ഉണ്ടാകുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: