ഇടുക്കി: ജില്ലയെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ. രാമക്കൽമെട്ടിൽ മകനെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയപ്പോൾ ഉടുമ്പൻചോലയിൽ മകന്‍റെ മർദനമേറ്റ് പിതാവ് മരിച്ചു.
രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് പിതാവിന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രയിൽ അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരൻ നായരും പിതാവ് രവീന്ദ്രൻ നായരുമായി വാക്കു തർക്കമുണ്ടായി.
തുടർന്ന് രവീന്ദ്രൻനായർ മകനെ വടി ഉപയോഗിച്ചു മർദിക്കുകയായിരുന്നു. മർദനത്തിൽ തലക്ക് മുറിവേറ്റാണ് ഗംഗാധരൻനായർ മരിച്ചത്. സംഭവത്തിൽ രവീന്ദ്രന്‍ നായരെ കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തലക്ക് മുറിവേറ്റ മകൻ ബോധം കെട്ടു വീണു. ഇതോടെ രവീന്ദ്രന്‍ തന്നെ അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തലയില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
സ്ഥിരം മദ്യപാനിയായ ഗംഗാധരന്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പ് മദ്യപാനം നിര്‍ത്തിയ ശേഷം വീട്ടില്‍ സ്ഥിര താമസമാക്കി. എന്നാല്‍ പിന്നീട് വീണ്ടും മദ്യപിച്ച ഇയാള്‍ വീട്ടില്‍ ബഹളം വെയ്ക്കുകയായിരുന്നു.
ഉടുമ്പൻചോലയിൽ മധ്യപ്രദേശ് സ്വദേശിയായ ഭഗത് സിങ് ആണ് മകന്‍റെ മർദനത്തിൽ കൊല്ലപ്പെട്ടത്. പ്രതിയായ മകൻ ഒളിവിലാണ്. ഉടുമ്പഞ്ചോല ശാന്തരുവിയിലെ സ്വകാര്യ ഏല തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഭഗത് സിംഗും മകൻ രാകേഷും.
കഴിഞ്ഞ ദിവസം മദ്യപാനത്തെ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും രാകേഷ് പിതാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ ബോധരഹിതനായി വീട്ടിൽ കിടക്കുകയായാണെന്ന് രാകേഷ് അയൽ വാസികളെ അറിയിച്ചു.
തുടർന്ന് നാട്ടുകാരാണ് ഭഗത് സിംഗിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. മർദ്ദനത്തെ തുടർന്ന് ഭഗത് സിംഗിന്‍റെ വാരിയെല്ലിന് പൊട്ടൽ ഉണ്ടാവുകയും ഹൃദയഘാതം സംഭവിയ്ക്കുകയുമായിരുന്നു. ഉടുമ്പൻചോല പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Join Our Whats App group
Post A Comment: