ഇടുക്കി: ജനസേവനം വിട്ട് ഒറ്റ രാത്രി കൊണ്ട് കുറുക്കുവഴിയിലൂടെ ലക്ഷപ്രഭുവാകാൻ ഇറങ്ങിത്തിരിച്ച് ഒടുക്കം മൂഞ്ചിതെറ്റിയ രാഷ്ട്രീയ നേതാവിന്‍റെ കഥയാണ് ഇപ്പോൾ ഹൈറേഞ്ച് മേഖലയിലെ സംസാര വിഷയം. ഇടുക്കിയുടെ സിരാ കേന്ദ്രമായ നഗരത്തിലാണ് സംഭവങ്ങൾ.
നഗരത്തിലെ ചില പാഴ്മരങ്ങളുടെ കൂട്ടുപിടിച്ചാണ് യുവ നേതാവ് പണം കൊയ്യാനിറങ്ങിയത്. നഗരത്തിൽ നടത്താനിരുന്ന ഫെസ്റ്റിന്‍റെ കൊട്ടേഷൻ ബിനാമി പേരിൽ പിടിച്ചുകൊണ്ടായിരുന്നു ഇഷ്ടന്‍റെ നീക്കം. പാർട്ടിയിലും ഭരണ സമതിയിലുമുള്ള പിടിപ്പ് മുതലാക്കിയാണ് ഇഷ്ടൻ ക്വട്ടേഷൻ കൈക്കലാക്കിയത്.
നടത്തിപ്പുകാരിൽ നിന്നും കൈയിൽ വരാനിരിക്കുന്ന ലക്ഷങ്ങൾ സ്വപ്നം കണ്ടായിരുന്നു ഇഷ്ടൻ പദ്ധതി തയാറാക്കിയത്. എന്നാൽ ക്വട്ടേഷൻ കൈയിൽ വന്നതുമുതൽ ഇഷ്ടനു കാലക്കേടിനു തുടക്കമായി. കൂട്ടുപിടിച്ച പാഴ്മരങ്ങൾ വമ്പൻതുകകൾ ചോദിച്ചു തുടങ്ങിയതോടെയാണ് ഇഷ്ടന്‍റെ ലക്ക് കെട്ടത്. ആദ്യം കിട്ടിയ പണം ഇഷ്ടൻ വാരിയെറിഞ്ഞു.
പണം കിട്ടാതെവന്നവർ പിന്നാമ്പുറത്തു നിന്നും പണി തുടങ്ങിയതോടെ ഇഷ്ടന്‍റെ പിടിവള്ളി വീണു തുടങ്ങി. ഇതിനിടെ വലിയ ആരവം മുഴക്കിയ ഫെസ്റ്റ് കാണാൻ നാമമാത്രമായ ആളുകളാണ് എത്തിയതും. ഇതും ഇഷ്ടനു തിരിച്ചടിയായി. ഇതോടെ നടത്തിപ്പുകാരും ഇഷ്ടനും തമ്മിൽ സാമ്പത്തിക കാര്യത്തിൽ കടിപിടിയായെന്നാണ് കരക്കമ്പി.
ഫെസ്റ്റ് തിയതി നീട്ടരുതെന്ന് സ്വന്തം പാർട്ടിയിലെ തന്നെ നേതാക്കൻമാർ നിലപാടെടുത്തതോടെ നേതാക്കളുടെ തിണ്ണ നിരങ്ങലായി പിന്നെ ഇഷ്ടന്‍റെ പണി. ഒളിഞ്ഞും പതിഞ്ഞും തലയിൽ മുണ്ടിട്ടും സ്വന്തം പാർട്ടിക്കാരുടെയും എതിർപാർട്ടിക്കാരുടെയും വീടുകളിൽ കയറിയിറങ്ങി ഇഷ്ടൻ പണം വീശിയെറിഞ്ഞു.
ഇവിടെയും കിട്ടി ഇഷ്ടനു എട്ടിന്‍റെ പണി. പണ വിതരണം ശ്രദ്ധയിൽപെട്ട സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ വീണ്ടും ഇഷ്ടൻ പെട്ടു. ഇതിനിടെ കൈയിൽ കിട്ടിയ പണവുമായി പാഴ്മരങ്ങൾ രംഗം വിട്ടതോടെ ഇഷ്ടൻ ശരിക്കും ഒറ്റപ്പെട്ടു.
പാർട്ടിക്കും ഭരണ സമിതിക്കും ചീത്തപ്പേരുണ്ടാക്കിയെന്ന പേരുമായി ഒരു വിധം ഫെസ്റ്റ് സമാപിപ്പിച്ച് ഇഷ്ടൻ തലയൂരി. ഇതിനു പിന്നാലെയാണ് ഫെസ്റ്റിനായി നാട്ടിയ ഇരുമ്പ് പോസ്റ്റ് വീട്ടമ്മയുടെ തലയിൽ വീഴുന്നത്. ഇതും സെറ്റിലാക്കിയതോടെ ഇഷ്ടൻ വീണ്ടും വെട്ടിൽ. വയ്യാത്തപട്ടി കൈയ്യാല കേറിയാൽ എന്ന പഴമൊഴിയാണ് ഇപ്പോൾ ഇഷ്ടനെ കുറിച്ച് ഹൈറേഞ്ചിൽ പാടി നടക്കുന്നതത്രേ.
Join Our Whats App group
Post A Comment: