
മിർസാപൂർ: ജീൻസിനുള്ളിൽ കുടുങ്ങിയ മൂർഖൻ പാമ്പുമായി യുവാവ് ഭയന്ന് വിറച്ച് കഴിഞ്ഞത് ഏഴ് മണിക്കൂറോളം. ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള സിക്കന്തർപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഇവിടെ വയറിങ് ജോലിക്കെത്തിയ തൊഴിലാളികൾ ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നത് അംഗൻവാടി കെട്ടിടത്തിന്‍റെ വരാന്തയിലാണ്. അർധ രാത്രിയിൽ ഉറക്കത്തിനിടെയിലാണ് പാമ്പ് ജീൻസിനുള്ളിലേക്ക് നുഴഞ്ഞു കയറിയത്.
ലോകേഷ് കുമാർ എന്ന തൊഴിലാളിക്കാണ് ഭയപ്പെടുത്തുന്ന സംഭവങ്ങൾ നേരിടേണ്ടി വന്നത്. തൻ്റെ ജീൻസിന്‍റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞു പോകുന്നതായി തോന്നിയ ലോകേഷ് ഞെട്ടിയുണർന്നു. പാമ്പാണ് ജീൻസിനുള്ളിലെന്ന് മനസിലാക്കിയതിനെ തുടർന്ന് കൂടെയുള്ളവർ പാമ്പു പിടുത്തക്കാരെ വിവരം അറിയിച്ചു. എന്നാൽ പാമ്പ് വിദഗ്‌തൻ രാവിലെ മാത്രമേ സ്ഥലത്തെത്തുകയുളളൂ എന്നറിഞ്ഞ ലോകേഷ് കുമാർ പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളമാണ് കെട്ടിടത്തിന്‍റെ തൂണിൽപ്പിടിച്ച് അനങ്ങാതെ നിന്നത്. തുടര്‍ന്ന് രാവിലെ പാമ്പുപിടുത്തക്കാരൻ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.
യുവാവിന് കടിയേല്‍ക്കാതെയിരിക്കാന്‍ ജീൻസ് ശ്രദ്ധാപൂര്‍വം കീറിയ ശേഷമാണ് പാമ്പിനെ ഇവർ പുറത്തെടുത്തത്. ജീൻസിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്തായാലും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ലോകേഷ് കുമാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: