ഇടുക്കി: മലയോര ഹൈവേ നിർമാണം പുരോഗമിക്കുമ്പോഴും അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത് സിറ്റിക്ക് ശാപമോക്ഷം ഇനിയും അകലെ.
കാലങ്ങളായി വീതി കുറവും ഗതാഗത കുരുക്കും കാരണം വീർപ്പുമുട്ടുന്ന ചപ്പാത്തിന് മലയോര ഹൈവേ നിർമാണത്തിലും ശാപമോക്ഷം ലഭിക്കുന്ന ലക്ഷണം കാണാനില്ല. സിറ്റിയിലെ 90 ലേറെ വർഷം പഴക്കമുള്ള കലുങ്ക് നിർമാണവും ഇപ്പോൾ അനശ്ചിത്വത്തിലാണ്.
മലയോര ഹൈവേയുടെ രണ്ടാം റീച്ചിലാണ് കെ. ചപ്പാത്ത്- കട്ടപ്പന റോഡ് പണിയുന്നത്. ആദ്യ റീച്ചിൽ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്ത് റോഡ് വീതി കൂട്ടലിന് തടസങ്ങൾ നേരിട്ടിരുന്നില്ല.
രണ്ടാം റീച്ചിൽ ചപ്പാത്ത് ഒഴികെയുള്ള സിറ്റികളിൽ വീതി കൂട്ടലിന് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളും ജന പ്രതിനിധികളും വ്യാപാരി വ്യവസായികളും ഒറ്റക്കെട്ടായി നിന്നെങ്കിലും ചപ്പാത്തിൽ മാത്രം സ്ഥിതി മാറി.
അനാവശ്യ വിവാദങ്ങളും സമ്മർദങ്ങളും കൊണ്ട് റോഡ് വീതി കൂട്ടൽ ഇവിടെ പ്രതിസന്ധി നേരിടുകയാണ്. 12 മീറ്റർ വീതിയിൽ ടാറിങ്ങും വശങ്ങളിൽ ഓരോ ഓടയുമാണ് മലയോര ഹൈവേയുടെ ഭാഗമായി നിർമിക്കുന്നത്. സിറ്റികളിൽ റോഡിനു പുറമേ ഓരോ വശത്തും ഓരോ മീറ്റർ വീതിയിൽ കോൺക്രീറ്റ് ഓടയും നിർദേശിച്ചിട്ടുണ്ട്.
ചപ്പാത്തിൽ ഹോമിയോ ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ വീതി കൂട്ടൽ നടന്നെങ്കിലും സിറ്റിയിലേക്ക് വരുന്ന ഭാഗത്താണ് ഇപ്പോഴും തടസങ്ങൾ നിൽക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ പൊളിക്കാൻ ഉടമകൾ തയാറാക്കാത്തതും ഇതിനെതിരെ രാഷ്ട്രീയ സമ്മർദം ശക്തമായതുമാണ് വെല്ലുവിളിയാകുന്നത്.
ഇതോടെ മലയോര ഹൈവേയിൽ ചപ്പാത്ത് മാത്രം ഇടുങ്ങിയ ഭാഗമായി മാറുമെന്ന ആശങ്കയാണ് ഉയരുന്നത്. പാതയിൽ മറ്റെല്ലാ സിറ്റികളും വീതി കൂട്ടിയെങ്കിലും ചപ്പാത്തിന് മാത്രം ഈ കാലത്തും ശാമമോക്ഷം ഇല്ല.
പ്രദേശത്തെ പിന്നോട്ടടിക്കുന്ന ചില രാഷ്ട്രീയക്കാരാണ് ഈ സമ്മർദത്തിനു പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വാർഥ ലാഭങ്ങൾക്കായി നാടിന്‍റെ വികസനത്തിനു തുരങ്കം വയ്ക്കുന്ന ഇത്തരക്കാർക്കെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: