ഇടുക്കി: മലയോര ഹൈവേ നിർമാണം നടക്കുന്ന കെ. ചപ്പാത്ത് - കട്ടപ്പന റൂട്ടിൽ മഴക്കാലമായതോടെ ദുരിത യാത്ര. സർക്കാർ സംവിധാനങ്ങളുടെയും കരാറുകാരുടെയും അനാസ്ഥയുടെ നേർ ചിത്രമാണ് നിർമാണം നടക്കുന്ന പ്രദേശത്ത് കാണുന്നത്.
വാഹന യാത്രികരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കിയിട്ടും കരാറുകാർക്കെതിരെ ചെറു വിരൽ അനക്കാൻ പോലും സർക്കാർ സംവിധാനങ്ങൾ തയാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. നിലവിൽ ചപ്പാത്ത്- പരപ്പ് ഭാഗത്താണ് ഗതാഗതം കൂടുതൽ ദുസഹമായിരിക്കുന്നത്.
ഇവിടെ കഴിഞ്ഞ ദിവസത്തെ മഴയിൽ വ്യാപകമായി തിട്ടൽ ഇടിഞ്ഞു വീണും മണ്ണിടിഞ്ഞു വീണും ഗതാഗതം മുടങ്ങിയിരുന്നു. അശാസ്ത്രീയമായി മണ്ണെടുത്തതും സമയ ബന്ധിതമായി കൽക്കെട്ടുകൾ പൂർത്തിയാക്കാത്തതുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ആലടി- പരപ്പ് ഭാഗത്ത് പാറ പൊട്ടിക്കുന്നതിനാൽ പലപ്പോഴും ഇതുവഴിയുള്ള ഗതാഗതം മുടങ്ങാറുണ്ട്. എന്നാൽ ആലടി- മേരികുളം ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കിയാൽ ഈ വഴിയിൽ വാഹനങ്ങൾക്ക് അനായാസം കടന്നു പോകാനാകും. എന്നാൽ ഇതിനായി നാളിതുവരെ കരാറുകാരോ സർക്കാർ സംവിധാനങ്ങളോ ശ്രമിച്ചിട്ടില്ല.
ചപ്പാത്ത് പ്രദേശത്ത് റോഡിന് ഒരു വശം ഇടിച്ചിട്ടിട്ട് ആഴ്ച്ചകൾ പിന്നിട്ടു. ഇവിടം നന്നാക്കാൻ കരാറുകാർ ഇതുവരെ തയാറായിട്ടില്ല. പലയിടത്തും ചെളി കൂട്ടിയിട്ടിരിക്കുകയാണ്.
സ്വരാജ് ഭാഗത്തും വെണ്ണിലാംകണ്ടത്തും റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുന്നത് പതിവാണ്. സമയബന്ധിതമായി പണി തീർക്കാതെ വന്നതാണ് മഴക്കാലത്ത് ഗതാഗതം ദുസഹമാക്കിയതെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്.
Join Our Whats App group
Post A Comment: