കൊച്ചി: കേന്ദ്രത്തിലും കേരളത്തിലും അടക്കം അധികാരം നഷ്ടപ്പെട്ട് തുന്നം പാടി നിൽക്കുമ്പോഴും അധികാര കൊതിമൂത്ത നേതാക്കൻമാരുടെ വിഴുപ്പു ചുമക്കാൻ വിധിക്കപ്പെട്ട് കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ഏറ്റവുമധികം വാർഡുകളിൽ വിമത ഭീഷണിയുള്ളത് കോൺഗ്രസിന്.
നാലും അഞ്ചും പേർ വീതം നോമിനേഷൻ കൊടുത്ത വാർഡുകളുമുണ്ട്. പാർട്ടി നിർദേശിച്ചിട്ടും പത്രി പിൻവലിക്കാതെ മത്സരിക്കാനുള്ള പുറപ്പാടിലാണ് പലയിടത്തും കോൺഗ്രസുകാർ. കെപിസിസി നേതൃത്വവും ഡിസിസി നേതൃത്വങ്ങളും തർക്കം പരിഹരിക്കുന്നതിൽ വൻ പരാജയമായെന്ന വിമർശനവും നേരിടുന്നുണ്ട്.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും നിർണായകമാണ്. ഭരണ തുടർച്ചയുണ്ടാകില്ലെന്ന സൂചനകളെ തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായിട്ടുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്. ഇതിനിടെ കോൺഗ്രസിലെ പടല പിണക്കങ്ങളും സീറ്റു തർക്കവും യുഡിഎഫിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രബലരായ എ, ഐ ഗ്രൂപ്പുകൾക്ക് പുറമേ കെ.സി വേണുഗോപാൽ പക്ഷവും ഇത്തവണ രംഗത്തെത്തിയതാണ് പലയിടത്തും തർക്കങ്ങൾക്ക് കാരണമായത്. ഇതിനു പുറമേ പല ജില്ലകളിലും ജില്ലാ നേതാക്കളുടെ സ്വന്തം ഗ്രൂപ്പുകളും സീറ്റിനായി കടിപിടികൂടി.
പാർട്ടി ജയിക്കുന്നതിലുപരി സ്വന്തം ഗ്രൂപ്പുകൾക്ക് സീറ്റ് ഉറപ്പിക്കുന്നതിനുള്ള തത്രപാടിലായിരുന്നു കോൺഗ്രസ് നേതാക്കളിൽ പലരും. ഇതിനെ പിടിച്ചു കെട്ടാൻ കെപിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് കഴിയാതെ പോയത് വ്യാപകമായ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്.
Join Our Whats App group

Post A Comment: