അങ്കമാലി: ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ചു. കറുകുറ്റി സ്വദേശികളായ ആന്‍റണി-റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മൂമ്മയാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. ഇവർ കസ്റ്റഡിയിലാണ്.
ഇന്ന് രാവിലെ 10 ഓടെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ അമ്മ കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.
കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ മാതാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കൊലനടത്തിയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇവര്‍ക്ക് സോഡിയം കുറയുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ട്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇവര്‍ അബോധാവസ്ഥയിലായി. പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയും അച്ഛനും അടക്കം വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: