ഇടുക്കി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പേ ഹൈറേഞ്ചിലെ രണ്ട് പഞ്ചായത്തുകളിൽ സിപിഎമ്മിനുള്ളിൽ ഭിന്നത. അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലാണ് സിപിഎമ്മിലെ അവഗണനയിൽ പ്രതിഷേധിച്ച് നേതാക്കൾ രാജിവച്ചൊഴിഞ്ഞത്.
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മുൻ സിപിഎം മെമ്പറും വനിതാ നേതാവുമായിരുന്ന ചപ്പാത്ത് തോട്ടുവശത്ത് ജാൻസി ചെറിയാൻ സിപിഎമ്മിൽ നിന്നും രാജിവച്ച് കോൺഗ്രസ് പാളയത്തിലെത്തി. ജാൻസി പത്താം വാർഡായ ചപ്പാത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.
നിലവിലെ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റും ലോക്കൽ കമ്മിറ്റി അംഗവുമായ ജയ്മോൾ ജോൺസനാണ് വാർഡിൽ ജാൻസിയുടെ എതിരാളി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. ജയിംസ് കാപ്പനാണ് ജാൻസിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
നേരത്തെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് ജാൻസിയും സിപിഎം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജിവച്ച് പുറത്തെത്തിയതോടെയാണ് കോൺഗ്രസ് ഇവർക്ക് അവസരം നൽകിയത്. 22 വർഷമായി സിപിഎമ്മിൽ അംഗമായ ജാൻസി രണ്ടുതവണ അയ്യപ്പൻകോവിൽ പഞ്ചായത്തംഗമായിട്ടുണ്ട്. ചപ്പാത്ത് ലോക്കൽ കമ്മറ്റിയംഗം, മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്‍റ്, ബാലസംഘം രക്ഷാധികാരി തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിരുന്നു.
പാർട്ടിയിൽ രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് ജാൻസി ആരോപിച്ചു. സ്ഥാനം മോഹിച്ചല്ല പാർട്ടി നേതാക്കൾ അവഹേളിച്ചതിലുള്ള പ്രതിഷേധമാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ കാരണമെന്നും ജാൻസി പറഞ്ഞു. ഭർത്താവിന്‍റെ കുടുംബവും അടിയുറച്ച പാർട്ടി പ്രവർത്തകരായിരുന്നു.
അതേസമയം ജാൻസി ചെറിയാന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സിപിഎം വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിനിടെ തൊട്ടടുത്ത പഞ്ചായത്തായ ഉപ്പുതറയിൽ നിലവിലെ പ്രസിഡന്‍റായിരുന്ന ജെയിംസ് കെ. ജേക്കബ് സിപിഎമ്മിൽ നിന്നും രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വളകോട് ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിതിരുന്നു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു ഭരണ സമിതിയിൽ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ ഈ വിഭാഗത്തിൽ നിന്ന് യുഡിഎഫിന് ആരേയും ജയിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സിപിഎം പ്രതിനിധിയായ ജയിംസ് കെ ജേക്കബ് പ്രസിഡന്‍റായത്. തുടക്കം മുതൽ അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ടും ജയിംസിനോട് പാർട്ടി നേതൃത്വം സഹകരിച്ചില്ല.
മൂന്ന് വർഷം കഴിഞ്ഞപ്പോൾ യുഡിഎഫ് അംഗം പാർട്ടി വിട്ട് വന്നതോടെ എൽഡിഎഫിന് ഭൂരിപക്ഷമാകുകയും ചെയ്തു. എന്നിട്ടും വികസന പ്രവർത്തനങ്ങളിൽ പാർട്ടി മുഖം തിരിച്ചെന്ന് ജയിംസ് ആരോപിച്ചു. ഏരിയ - ജില്ലാ -സംസ്ഥാന കമ്മിറ്റികൾക്ക് പരാതി നൽകിയിട്ടും ഒരന്വേഷണവും പാർട്ടി നടത്തിയില്ലെന്നും ജയിംസ് പറഞ്ഞു.
സിപിഐ, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടിയിലെ ഏതാനും അംഗങ്ങളാണ് സഹകരിച്ചത്. രേഖകളിൽ കൃത്രിമം കാട്ടുകയും നിർമാണത്തിൽ അഴിമതി നടത്തിയ അക്കൗണ്ടിനെ പിരിച്ചു വിടാനുള്ള പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനെതിരെയും പാർട്ടി എതിരായ നിലപാടാണ് സ്വീകരിച്ചത്.
അക്കൗണ്ടന്‍റിന്‍റെ നാലു കോടി രൂപ സ്പോർട്സ് ഫണ്ട് നഷ്ടമാക്കിയിട്ടും അയാളെ സഹായിക്കുകയാണ് പാർട്ടി നേതൃത്വം ചെയ്തത്. മറ്റു പാർട്ടികളിലെ അംഗങ്ങളുടെ സഹകരണം കൊണ്ടാണ് കുറേയേറെ വികസന പദ്ധതികൾ നടപ്പാക്കാനായത്.
പല പാർട്ടികളും സ്ഥാനാർഥിയാക്കാൻ സമീപിച്ചു. എന്നാൽ തന്‍റെ പോരാട്ടം പാർട്ടിയുടെ നിലപാടിനെതിരെയായതു കൊണ്ടാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ജനങ്ങളോട് എല്ലാം തുറന്നു പറയുമെന്നും വിജയിച്ചാൽ മനസിലുള്ള വികസന പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും ജയിംസ് .കെ ജേക്കബ് പറഞ്ഞു.
Join Our Whats App group

Post A Comment: