ഇടുക്കി: ഇടത് തരംഗത്തിലും യുഡിഎഫിന്‍റെ മാനം കാത്ത കട്ടപ്പന നഗരസഭയിൽ കുലംകുത്തികളുടെ സംസ്ഥാന സമ്മേളനം. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിലെമ്പാടും ഇടത് തരംഗം അലയടിച്ചപ്പോളാണ് 34ൽ 23 സീറ്റും നേടി കട്ടപ്പന നഗരസഭയിൽ യുഡിഎഫ് മാനം കാത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെപ്പിൽ ഹൈറേഞ്ച് ഒന്നടങ്കം ഇടത്തേക്ക് ചാഞ്ഞപ്പോൾ യുഡിഎഫിന് ആകെയുള്ള ആശ്വാസം കട്ടപ്പന നഗരസഭയിലെ ഭരണമായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ അടക്കമുള്ളവരുടെ പ്രവർത്തന മണ്ഡലമായ കട്ടപ്പനയിൽ കുലം കുത്തികളുടെ തൊഴുത്തിൽ കുത്തിനെ തുടർന്ന് നഗരസഭാ ഭരണത്തുടർച്ച നഷ്ടമാകുമോയെന്നാണ് ആശങ്ക.
എ, ഐ ഗ്രൂപ്പുകൾക്ക് പുറമേ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന വേണുഗോപാൽ പക്ഷവും തമ്മിൽ തല്ലുമായി രംഗത്തെത്തിയതോടെ ആകെ മൊത്തം കട്ടപ്പനയിലെ കോൺഗ്രസിൽ തമ്മിലടിയായി. ഇതിനിടക്കാണ് എഐസിസിയിൽ നിന്നും നേരിട്ട് നഗരസഭയിലേക്ക് മത്സരിക്കാൻ മുതിർന്ന നേതാവ് രംഗ പ്രവേശനം ചെയ്‌തത്. ഇതോടെ നഗരഭരണം എൽഡിഎഫിന് വച്ചു നീട്ടുന്നതിനു തുല്യമായി കട്ടപ്പനയിലെ യുഡിഎഫിന്‍റെ കാര്യം.
എഐസിസി നേതാവ് മത്സരിച്ചാൽ മത്സര രംഗത്തു നിന്നു തന്നെ പിൻമാറാനുള്ള നീക്കത്തിലാണ് കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ. ഇങ്ങനെ വന്നാൽ മത്സര രംഗത്ത് കോൺഗ്രസ് ദുർബലമാകുമെന്നും അവസരം മുതലാക്കി നഗരസഭാ ഭരണം പിടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.
ഇതിനായി ഇടതുപക്ഷത്തെ മുതിർന്ന നേതാക്കൾ അടക്കം കട്ടപ്പനയിലെ സ്ഥാനാർഥി നിർണയത്തിൽ ശ്രദ്ധ ചെലുത്തുന്നുമുണ്ട്. തർക്കം രൂക്ഷമായതോടെ കട്ടപ്പനയിലെ കോൺഗ്രസ് ഇനി എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന ആശങ്കയിലാണ് അണികൾ.
Join Our Whats App group

Post A Comment: