ഇടുക്കി: പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കാൻ പോകുമ്പോഴും ഇടുക്കിയിൽ കോൺഗ്രസിനുള്ളിലെ ചേരിപ്പോര് തീരുന്നില്ല. ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഇതിനു പിന്നാലെ അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.
സ്ഥാനാർഥികളുടെ പേരും ചിഹ്നവും സഹിതമാണ് പട്ടിക പുറത്തു വിടുന്നത്. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഇടതുപക്ഷം പ്രചരണത്തിനലേക്ക് കടന്നു കഴിഞ്ഞു. അതേസമയം കോൺഗ്രസിലെ പടല പിണക്കങ്ങൾ യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.
കട്ടപ്പന നഗരസഭയടക്കം മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഒരിടത്ത് മൂന്നും നാലും പേരാണ് കോൺഗ്രസിൽ നിന്നും നാമനിർദേശ പട്ടിക സമർപ്പിച്ചിരിക്കുന്നത്. ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെ മിക്കയിടത്തും ഒന്നിലേറെ പേർ മത്സര രംഗത്തിറങ്ങുമെന്നും ഉറപ്പായി.
ഇത് വോട്ട് ഭിന്നിക്കുന്നതിനും സ്ഥാനാർഥികളുടെ പരാജയത്തിനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ നേതൃത്വത്തിന്‍റെ വീഴ്ച്ചയാണ് വിമതൻമാരുടെ അഴിഞ്ഞാട്ടത്തിനു കാരണമെന്നും വിമർശനം ഉയരുന്നുണ്ട്. അനുകൂല സാഹചര്യമുണ്ടായിട്ടും ഇത്തവണ കോൺഗ്രസിലെ ഉൾപ്പോര് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും കോൺഗ്രസിനുള്ളിൽ ആശങ്ക ഉയരുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: