പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കുമ്പോഴും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൊടുത്തുവിട്ട വോട്ട് ചോരി ആരോപണത്തിൽ ആടിയുലഞ്ഞ് ബിജെപി കേന്ദ്രങ്ങൾ. ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനമാണ് വിഷയത്തിൽ രാഹുൽഗാന്ധി ഒടുവിൽ തൊടുത്തുവിട്ടത്.
രാജ്യവ്യാപകമായി ബിജെപി നടത്തുന്ന വോട്ട് കൊള്ളയെ കുറിച്ചുള്ള വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. രാഹുലിന്‍റെ ആരോപണങ്ങളെ പുച്ഛിച്ചുതള്ളുന്നതായി പുറമേ അവകാശപ്പെടുമ്പോഴും ബിജെപി കേന്ദ്രങ്ങളിൽ രാഹുലിന്‍റെ ബ്രഹ്‌മാസ്ത്രം കുറിക്കുകൊണ്ടെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ അടക്കം പുറത്തു വിടുന്നത്.
രാഹുലിന്‍റെ ഓരോ വാർത്താ സമ്മേളനങ്ങൾക്കും പിന്നാലെ ബിജെപി സൈബർ കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്ന ന്യായീകരണങ്ങൾ തന്നെ ഇതിന് ഉദാഹരമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തിൽ നിന്നടക്കം ബിജെപി അനുകൂല സൈബർ പോരാളിമാർ വോട്ട് ചോരി ആരോപണത്തിനെതിരെ നടത്തുന്ന ന്യായീകരണമാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
രാഹുലിന്‍റെ വെളിപ്പെടുത്തലുകളിലെ വള്ളിയോ, പുള്ളിയോ കണ്ടെത്തി അതിലെ പിഴവിനെ പർവതീകരിക്കാനാണ് സൈബർ പോരാളികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ബിജെപി അനുകൂല സൈബർ പോരാളികൾ കഴിഞ്ഞ രണ്ട് ദിവസമായി വിശ്രമമില്ലാതെ വോട്ട് ചോരി ആരോപണം ചീറ്റി, പൊളിഞ്ഞു, നനഞ്ഞ പടക്കം, തുടങ്ങിയ തലക്കെട്ടുകളിൽ തുടർച്ചയായി ക്യാപ്സ്യൂൾ ഇറക്കിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ രാജ്യവ്യാപകമായി വോട്ടേഴ്സ് ലിസ്റ്റിൽ കടന്നുകൂടിയിട്ടുള്ള പിഴവുകൾ സംബന്ധിച്ച് സൈബർ പോരാളികൾ മൗനം പാലിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ ക്രമക്കേടുകളുണ്ടെന്നുള്ളത് ബിജെപിയും തുറന്ന് സമ്മതിക്കുന്നതിന്‍റെ സൂചനകളാണ് ആരും പിഴവുകൾ ഇല്ലെന്ന് തുറന്നു പറയാതിരിക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ പിഴവുകൾ തിരുത്താൻ ശ്രമിക്കാതെ രാഹുലിനെ ആക്രമിക്കുന്നതിനു പിന്നിൽ ഈ പിഴവുകളുടെ ഗുണഭോക്താക്കൾ ആരാണെന്നുള്ളതും വിളിച്ചുകാണിക്കുന്നു.
രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലായെന്ന സൂചനകളാണ് രാഹുൽഗാന്ധി പുറത്തു വിടുന്ന വോട്ട് ചോരി ആരോപണങ്ങളിൽ നിഴലിക്കുന്നത്. കേരളത്തിൽ അടക്കം ഇരട്ട വോട്ട് ആരോപണങ്ങൾ പലപ്പോഴും ഉയർന്നുകേട്ടിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതരത്തിൽ ഭരണകൂടം മാറിയെന്ന സൂചനകളും രാഹുൽ പുറത്തുവിടുന്നുണ്ട്.
തെരഞ്ഞെടുപ്പ് ജയത്തിന് എന്ത് മാർഗവും സ്വീകരിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകളും രാഹുൽഗാന്ധി വാർത്താ സമ്മേളനത്തിനിടെ പുറത്തു വിട്ടിരുന്നു. രാഹുലിന്‍റെ ആരോപണങ്ങളെ നിയമപരമായോ, രാഷ്ട്രീയപരമായോ നേരിടാനും ബിജെപി ഇതുവരെ തയാറായിട്ടില്ല.
അതേസമയം ബിജെപി സൈബർ കേന്ദ്രങ്ങൾ കിണഞ്ഞു പരിശ്രമിക്കുമ്പോഴും സൈബർ ലോകത്ത് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്തുണ ഏറി വരുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: