ഇടുക്കി: ജില്ലയിലെ കോൺഗ്രസിൽ വേണുഗോപാൽ പക്ഷം കരുത്താർജിക്കുന്നതിൽ എ, ഐ ഗ്രൂപ്പുകൾക്കിടയിൽ കടുത്ത അമർഷം. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിലാണ് ഇടുക്കി ജില്ലയിൽ വേണുഗോപാൽ പക്ഷം ശക്തമായി രംഗത്തെത്തിയത്.
കട്ടപ്പന നഗരസഭ അടക്കമുള്ള സുപ്രധാന സ്ഥലങ്ങളിൽ മുതിർന്ന നേതാക്കളിൽ പലരും വേണുഗോപാൽ പക്ഷത്തേക്ക് ചേക്കേറിയെന്നത് ഈ സമയത്താണ് എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കളിൽ പലരും അറിയുന്നത് തന്നെ.
വേണുഗോപാൽ പക്ഷ നേതാക്കളുടെ ഒപ്പമുണ്ടായിരുന്ന പലർക്കും മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചതും എ, ഐ ഗ്രൂപ്പ് നേതാക്കൾ ഗൗരവമായിട്ടാണ് കാണുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വേണുഗോപാൽ ഇഫക്റ്റ് നിലനിൽക്കുമെന്നതിനുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇങ്ങനെ വന്നാൽ നിലവിൽ നിയമസഭയിലേക്ക് മത്സരിക്കാൻ കച്ചകെട്ടിയിരിക്കുന്ന പലർക്കും തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നുമുണ്ട്.
സീറ്റ് മോഹികളായ പലരും എ, ഐ ഗ്രൂപ്പുകളിൽ നിന്നും വ്യാപകമായി വേണുഗോപാൽ പക്ഷത്തേക്ക് ചേക്കേറുന്നുമുണ്ട്. ഇത് മുതിർന്ന നേതാക്കളെ അസ്വസ്ഥമാക്കുന്നതായിട്ടാണ് കോൺഗ്രസിനുള്ളിലെ സംസാരം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് സജീവമാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
കട്ടപ്പന നഗരസഭയിലെ സീറ്റ് ചർച്ചയിൽ ഡിസിസി നേതൃത്വത്തിനു പോലും തീരുമാനമെടുക്കാൻ കഴിയാതെ വന്നത് രൂക്ഷമായ ഗ്രൂപ്പ് തർക്കത്തെ തുടർന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിസിസിക്ക് തലവേദനയാകാൻ പോകുന്നതും ഈ ഗ്രൂപ്പ് പോര് തന്നെയായിരിക്കുമെന്നാണ് സൂചന.
Join Our Whats App group

Post A Comment: