തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർഥികളെ കണ്ടെത്താനുള്ള തിരക്കിട്ട ഓട്ടത്തിലാണ് പ്രമുഖ മുന്നണികൾ. സംവരണ വാർഡുകളിൽ അതാത് വിഭാഗത്തിൽപെട്ടവരെ കണ്ടെത്തേണ്ടതുമുണ്ട്.
അതേസമയം ഒരു തദ്ദേശ ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ എത്ര രൂപ കിട്ടുമെന്നതാണ് പലരും അന്വേഷിക്കുന്നത്. ശമ്പളമല്ല, മറിച്ച് ഓണറേറിയം എന്നാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് നൽകുന്ന തുകയ്ക്ക് പറയുന്നത്.
ഇത് അത്ര വലിയ തുകയൊന്നും അല്ലെന്നതാണ് യാഥാർഥ്യം. 2016ലാണ് ഓണറേറിയം അവസാനമായി പരിഷ്കരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഉയർന്ന ഓണറേറിയം ലഭിക്കുന്നത്.
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും ഏകദേശം ഒരേ ഓണറേറിയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്- 15800, വൈസ് പ്രസിഡന്‍റ്- 13,200, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 9400, ജില്ലാ പഞ്ചായത്തംഗം- 8800.
കോർപ്പറേഷൻ
കോർപ്പറേഷൻ പ്രസിഡന്‍റ്- 15,800, ഡെപ്യൂട്ടി മേയർ 13200, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 9400, കൗൺസിലർ 8,200.
നഗരസഭ
നഗരസഭാ ചെയർമാൻ- 14,600, വൈസ് ചെയർമാൻ 12,000, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ - 8,800, കൗൺസിലർ 7,600.
ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്- 14,600, വൈസ് പ്രസിഡന്‍റ്- 12,000, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 8,800, ബ്ലോക്ക് പഞ്ചായത്ത് അംഗം- 7600.
ഗ്രാമ പഞ്ചായത്ത്
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്- 13,200, വൈസ് പ്രസിഡന്‍റ്- 10,600, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ- 8,200, പഞ്ചായത്തംഗം- 7000.
ബത്ത
പ്രതിമാസ ഓണറേറിയത്തിനു പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അംഗങ്ങൾക്ക് ബത്തയുണ്ട്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്ക് 250 രൂപയും അംഗങ്ങൾക്ക് 200 രൂപയുമാണ് ബത്ത. പ്രതിമാസം 1250 രൂപ ഈ ഇനത്തിൽ കൈപ്പറ്റാം.
Join Our Whats App group

Post A Comment: