ഹരിപ്പാട്: കുട്ടിക്കാനത്ത് അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പള്ളിപ്പാട് നടുവട്ടം മേക്കാട്ട് വീട്ടില്‍ മഹേഷ് തമ്പി(35)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയും ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി പൊലിസ് സൂപ്രണ്ട്, പീരുമേട് ഡിവൈഎസ്പി എന്നിവര്‍ക്കു പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ഹരിപ്പാട് ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലെ മൂന്നാം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന മഹേഷ് തമ്പി കുട്ടിക്കാനത്ത് ദുരൂഹമായ സാഹചര്യത്തിലാണ് മരിച്ചത്. അമ്മയും മകനും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന്‍റെ അത്താണിയായിരുന്ന മഹേഷ് നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സിനിമയിലും മറ്റും അഭിനയിച്ചിട്ടുണ്ട്.
കായംകുളം എരുവ സ്വദേശിയായ ഷംനാദും മഹേഷും സുഹൃത്തുക്കളായിരുന്നു. ഷംനാദും ഷംനാദിന്‍റെ രണ്ട് സുഹൃത്തുക്കളായ കൊച്ചുമോന്‍, അബ്ബാസ് എന്നിവരുമായി നവംബര്‍ ഒന്നിന് കാറില്‍ ഹരിപ്പാട് നെടുന്തറയില്‍ എത്തി മഹേഷിനെ കൂട്ടിപ്പോയിരുന്നു. പിന്നീട് രണ്ടിന് ഷംനാദ് പള്ളിപ്പാടുള്ള അഭിജിത്ത് എന്ന കൂട്ടുകാരനെ ഫോണില്‍ വിളിച്ച് മഹേഷ് കുട്ടിക്കാനത്ത് വെള്ളത്തില്‍ വീണ് മരിച്ചുവെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
പിന്നീട് വീട്ടുകാര്‍ പീരുമേട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മരണവാര്‍ത്ത സ്ഥിരീകരിച്ചു.കുട്ടിക്കാനം മാര്‍ബസേലിയസ് കോളജിന് പടിഞ്ഞാറ് ഭാഗം താഴ്ചയിലുള്ള അരുവിയില്‍ കുളിക്കാന്‍ എത്തിയതാണ് നാലുപേരും. അവിടെവച്ചാണ് മഹേഷിനെ കാണാതാവുന്നത്. എന്നാല്‍, കൂട്ടത്തിലൊരാള്‍ കാണാതായ ഗൗരവത്തില്‍ അന്വേഷിക്കാന്‍ ഷംനാദും കൂട്ടരും തയാറായില്ല.
ഏകദേശം ഒരു മണിക്കൂറിനുശേഷം അതിലെ വന്ന കോളജിലെ കുട്ടികള്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍സശയം തോന്നി നടത്തിയ തിരച്ചിലിലാണ് അരുവിയിലെ വെള്ളച്ചാട്ടം വന്നു വീഴുന്ന കുഴിയില്‍നിന്നും മഹേഷിന്‍റെ മൃതദേഹം കണ്ടെടുക്കുന്നത്. ഈ സമയം വരെ അവിടെയുണ്ടായിരുന്ന ഷംനാദ് മൃതദേഹം പുറത്തെടുത്തയുടന്‍ സംഭവ സ്ഥലത്തുനിന്നു കാറില്‍ കടന്നുകളഞ്ഞു.
ഇതു കണ്ട കോളജ് വിദ്യാര്‍ഥികള്‍ കൊച്ചുമോനെയും അബ്ബാസിനെയും തടഞ്ഞുവയ്ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഷംനാദും മഹേഷ് തമ്പിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും കുറച്ച് നാള്‍ മുമ്പ് എറണാകുളത്ത് ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഹരിപ്പാട് ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. തങ്കച്ചന്‍, അംഗങ്ങളായ അനില്‍കുമാര്‍, മഹേഷ് തമ്പിയുടെ സഹോദരി ഭര്‍ത്താവ് ലിജു എന്നിവര്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: