ഇടുക്കി: പ്രഖ്യാപനം അൽപം വൈകിയെങ്കിലും പ്രചരണത്തിൽ കളം നിറഞ്ഞ് ഇടുക്കിയിലെ കോൺഗ്രസ് സ്ഥാനാർഥികൾ. അഭ്യൂഹങ്ങൾ പലതും മാറി മറിഞ്ഞെങ്കിലും അവസാന ലിസ്റ്റിൽ ഉൾപ്പെട്ടത് കരുത്തരായവർ തന്നെയാണെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തലുകൾ.
പീരുമേട്ടിൽ അഡ്വ. സിറിയക് തോമസ് ഇത് മൂന്നാം വട്ടമാണ് ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് തവണയും നിസാര വോട്ടുകൾക്കാണ് സിറിയക് തോൽവി അറിഞ്ഞത്. 2016ൽ 314 വോട്ടുകൾ മാത്രമാണ് എതിർ സ്ഥാനാർഥി ഇ.എസ്. ബിജിമോൾ ഭൂരിപക്ഷമായി നേടിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1845 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്തരിച്ച മുൻ എംഎൽഎ വാഴൂർ സോമൻ വിജയിച്ചത്. ഇത്തവണ വിജയ സാധ്യതയുള്ള സ്ഥാനാർഥിയെന്ന പരിഗണനയിലാണ് സിറിയക്കിന് കോൺഗ്രസ് നേതൃത്വം സീറ്റ് നൽകിയത്.
കേരളാ കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റ് ഏറ്റെടുത്ത കോൺഗ്രസ് മുൻ ഡിസിസി പ്രസിഡന്‍റും ജില്ലയിലെ മുതിർന്ന നേതാവുമായി റോയി കെ. പൗലോസിനെയാണ് മണ്ഡലം ഏൽപ്പിച്ചിരിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിനെതിരെ കരുത്തനായ സ്ഥാനാർഥിയാണ് റോയി കെ. പൗലോസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ സമുദായ പിന്തുണകളും അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉടുമ്പൻചോലയിൽ അഡ്വ. സേനാപതി വേണു എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. മികച്ച പ്രഭാഷകനും ഇടതുപക്ഷത്തെ എതിർക്കാൻ കരുത്തുള്ള നേതാവുമായിട്ടാണ് സേനാപതി വേണു വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തവണ കോൺഗ്രസിലെ തന്നെ ഇടപെടലുകളെ തുടർന്ന് സീറ്റ് നഷ്ടപ്പെട്ട സേനാവതി വേണു ഇത്തവണ കൂടുതൽ കരുത്തനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേവികുളത്ത് എഫ്. രാജയും കരുത്തനായ സ്ഥാനാർഥിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാർഥികൾ കളം നിറഞ്ഞതോടെ ഇടുക്കി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങി.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ
ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം.
കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Post A Comment: