ഇടുക്കി: കനത്ത മഴയും ഓറഞ്ച് അലർട്ടും തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയുള്ള യാത്രയ്ക്കാണ് നിരോധനം.
ജില്ലയുടെ സമീപപ്രദേശമായ കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട - വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്.
തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിയും മിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ് 28) അതി തീവ്രമായ മഴക്കും, മെയ് 28, 29 തീയതികളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് മരണം
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വൈക്കം വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞാണ് അപകടം.
മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കനത്ത മഴയില്‍ ഇന്ന് മാത്രം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയില്‍ കുളങ്ങര ധര്‍മ്മപാലന്‍റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്.
എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്‍റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്.
കോട്ടയം ഇടമറുകില്‍ ഉരുള്‍പൊട്ടി ഏഴ് വീട് തകര്‍ന്നു. കൊച്ചിയില്‍ മേഘ വിസ്‌ഫോടനമെന്ന് സംശയം. കളമശേരിയില്‍ നാഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറി. നഗരപ്രദേശങ്ങളും ഇന്‍ഫോപാര്‍ക്കും മുങ്ങി.
വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായത്. വെള്ളം കയറി ദേശീയ പാതയിലടക്കം ഗതാഗത തടസ്സമുണ്ടായി. കൊച്ചിയില്‍ ഒന്നരമണിക്കൂറില്‍ 98 മി.മീ മഴയാണ് പെയ്തത്.
മേഘ വിസ്‌ഫോടനമാകാമെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞരുടെയ വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തമായതോടെ തെക്കന്‍, മധ്യ കേരളത്തില്‍ മഴ കനക്കും. കോട്ടയത്തും എറണാകുളത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Post A Comment: