ഇടുക്കി: വാഗമണ്ണിലെ കച്ചവട സ്ഥാപനത്തിൽ വൻ മോഷണം നടത്തി മുങ്ങിയ ആളെ നൈറ്റ് പട്രൊളിങ്ങിനിടെ പൊലീസ് പൊക്കി. ഉപ്പുതറ ഒൻപതേക്കർ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. മോഷണ മുതൽ ഒളിയിടത്തിൽ നിന്നും രാത്രി കടത്താൻ എത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് വാഗമൺ പൈൻവാലിക്ക് സമീപത്തെ വഴിയോര കച്ചടവട കേന്ദ്രത്തിൽ ഇയാൾ മോഷണം നടത്തിയത്. കോലാഹലമേട്പല്ലാൻ തടത്തിൽ ഗിരിജ രാജേഷിന്‍റെതായിരുന്നു സ്ഥാപനം. കടയിൽ സൂക്ഷിച്ചിരുന്ന 48,000 രൂപയും രണ്ടര ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികളുമാണ് മോഷ്ടിച്ചു കടന്നത്.
കട ഉടമയുടെ പരാതിയിൽ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാത്രി 12ന് പൈൻവാലിക്ക് സമീപം പൊലീസ് രാത്രികാല പരിശോധന നടത്തവെ പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് മോഷണ വിവരം പുറത്ത് വരുന്നത്. പൈൻവാലിക്ക് സമീപത്തെ കാട്ടിൽ ഒളിപ്പിച്ച മോഷണ മുതൽ എടുക്കുന്നതിനായിട്ടാണ് പ്രതി സ്ഥലത്തെത്തിയത്.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുധീഷ് മുമ്പും മോഷണ കേസിൽ അറസ്റ്റിലായിട്ടുണ്ട്. വാഗമൺ സി.ഐ വിനോദ് എം.ജി, എസ്.ഐ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group
Post A Comment: