കൊച്ചി: നടൻ കലാഭവൻ നവാസിന്‍റെ (51) മരണകാരണം ഹൃദയാഘാതമെന്ന് സൂചന. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ച്ച രാത്രിയിലാണ് നവാസിനെ ബോധമില്ലാതെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.
ചോറ്റാനിക്കര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മരണ കാരണം ഹൃദയാഘാതമാണെന്ന നിഗമനമാണ് പ്രാഥമികമായി പുറത്തു വരുന്നത്.
മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് നവാസ്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. പതിവുപോലെ ഷൂട്ടിങ് പൂർത്തിയാക്കി ഹോട്ടൽ മുറിയിലെത്തിയതായിരുന്നു.
ഷൂട്ടിങ് സംഘം ഹോട്ടൽ മുറിയിലെത്തിയ ശേഷം മടങ്ങിയിരുന്നു. നവാസിന്‍റെ മുറിയുടെ താക്കോൽ ഏറെ നേരമായിട്ടും ലഭിക്കാതിരുന്നതോടെ ഹോട്ടലിലെ റൂം ബോയ് അന്വേഷിച്ചെത്തിയതായിരുന്നു. വിളിച്ചിട്ട് തുറക്കാതെ വന്നതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് വീണു കിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാടക, ചലച്ചിത്ര നടൻ അബൂബക്കറിന്‍റെ മകനാണ്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാ രംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെ പ്രശസ്തിയിലേക്കുയർന്നു. വിദേശത്തും നാട്ടിലും ഏറെ സ്റ്റേജ് ഷോകൾ ചെയ്‌തിട്ടുണ്ട്. പിന്നീട് സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന പേരിൽ മിമിക്രി ട്രൂപ്പ് രൂപീകരിച്ചിരുന്നു.
1995 ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി തുടങ്ങിയ 40 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. രഹനയാണ് ഭാര്യ. നഹറിൻ, റിദ്‌വാൻ, റിഹാൻ എന്നിവരാണ് മക്കൾ.
Join Our Whats App group
Post A Comment: