www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലക്കായ്ക്ക് കളർചേർക്കാൻ മിശ്രിതം; മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

Share it:


ഇടുക്കി: സോപ്പുപൊടി നിർമാണശാലയുടെ മറവില്‍ ഏലക്കായ്ക്ക് കളര്‍ ലഭിക്കുന്നതിനായി ചേര്‍ക്കുന്ന മിശ്രിതം തയാറാക്കുന്ന സ്ഥാപനത്തില്‍ മിന്നൽ പരിശോധന. സ്‌പൈസസ് ബോര്‍ഡിന്‍റെ സ്‌പെഷ്യല്‍ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ സംയുക്ത റെയ്ഡില്‍ 2475 കിലോ സോഡിയം കാര്‍ബണേറ്റും എട്ട് വലിയ ചാക്കുകള്‍ നിറയെ ഒഴിഞ്ഞ കളര്‍ ടിന്നുകളും പിടികൂടി. 50 ചാക്കുകളിലായാണ് സോഡിയം കാര്‍ബണേറ്റ് സൂക്ഷിച്ചിരുന്നത്. 

മുണ്ടിയെരുമ ദേവഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ആനടിയില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാർഥങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവഗിരി സ്വദേശി അനുമോദിന് നോട്ടീസ് നല്‍കി. സോപ്പുപൊടി നിർമാണ ശാല എന്നാണ് സ്ഥാപനം അറിയപ്പെട്ടിരുന്നത്. എന്നാല്‍ സോപ്പുപൊടി നിർമിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങളോ കവറുകളോ മറ്റ് അസംസ്‌കൃത വസ്തുക്കളോ ഇവിടെ കണ്ടെത്താനായില്ല.  

ഏലക്കായ്ക്ക് പച്ചനിറം കൂടുതലായി ലഭിക്കുന്നതിന് ചേര്‍ക്കുന്ന കളര്‍പ്പൊടി നിർമാണമാണ് ഇവിടെ നടന്നിരുന്നത്. സോഡിയം കാര്‍ബണേറ്റ്, ആപ്പിള്‍ഗ്രീന്‍ ഫുഡ്‌ഗ്രേഡ് കളര്‍ എന്നിവ പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് പൊടിയായി തയാറാക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. ഇങ്ങനെ നിർമിക്കുന്ന കളര്‍പ്പൊടി ഏലക്കാ സ്റ്റോറുകളില്‍ എത്തിച്ചുനല്‍കുകയായിരുന്നു പതിവ്. ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്കാണ് ആവശ്യമായ മിശ്രിതം തയാറാക്കി അനുമോദ് നേരിട്ട് സ്‌റ്റോറുകളില്‍ എത്തിക്കുകയായിരുന്നു. 

ജില്ലയില്‍ കളര്‍പ്പൊടി ചേര്‍ത്ത ഏലക്കാ വ്യാപകമായ സാഹചര്യത്തില്‍ രണ്ട് ദിവസമായി സ്‌പൈസസ് ബോര്‍ഡും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകള്‍ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ കുത്തുങ്കലിലെ ഒരു ഏലക്കാ സ്‌റ്റോറില്‍ നിന്നും ദേവഗിരി ആനടി ഇന്‍ഡസ്ട്രീസില്‍ തയാറാക്കിയ കളര്‍പ്പൊടി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്. എന്നാല്‍ ആനടി ഇന്‍ഡസ്ട്രീസില്‍ നിന്നും മിശ്രിതം കണ്ടെടുത്തിട്ടില്ല. മിശ്രിതം തയാറാക്കുന്ന അസംസ്‌കൃത വസ്തുക്കളും ഒഴിഞ്ഞ കുപ്പികളുമാണ് ലഭിച്ചത്. ഇവിടെനിന്നും ലഭിച്ച അസംസ്‌കൃതവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാടുള്ള ലാബിലേക്ക് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. 

ഒരുകിലോ പൊടി നിർമിക്കുന്നതിന് 70 രൂപയാണ് ചിലവുവരുന്നത്. എന്നാല്‍ ഇത് സ്റ്റോറുകളില്‍ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിവന്നിരുന്നത്. 10, 25 കിലോ ചാക്കുകളിലാണ് അനുമോദ് ഇവ എത്തിച്ചുനല്‍കിയിരുന്നത്. ഹൈറേഞ്ച് മേഖലയിലെ മിക്ക ഏലക്കാ സ്‌റ്റോറുകളിലും അനുമോദ് കളര്‍പ്പൊടി എത്തിച്ചുനല്‍കിയിരുന്നു എന്നാണ് ലഭ്യമായ വിവരം. ഏലക്കായില്‍ കളര്‍പ്പൊടി ചേര്‍ക്കുന്നതുമൂലം മനുഷ്യശരീരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. റെയ്ഡില്‍ സ്‌പൈസസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജഗന്നാഥന്‍, അസി. ഡയറക്ടര്‍ വിജിഷ്ണാ വി, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍മേരി ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

Share it:

Post A Comment: