ഇടുക്കി: കൊട്ടാരക്കരയിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു മരിച്ച ഇടുക്കി സ്വദേശിനിയുടെ സംസ്കാരം നാളെ. കെ. ചപ്പാത്ത് മരുതുംപേട്ട കളത്തുകുന്നേൽ കെ.സി. ആന്‍റണിയുടെ മകൾ അൻസു ട്രീസ ആന്‍റണിയാണ് (25) ഇന്നലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ബുധനാഴ്ച്ച കൊട്ടാരക്കരയിൽ ഇന്‍റർവ്യൂവിനു പോയ അൻസുവിനെ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ പത്തനംതിട്ട ചെന്നീർക്കര നീലകിലേത്ത് ജയകുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമിത വേഗത്തിലും അലക്ഷ്യമായും വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപകടത്തിനിടയാക്കിയ കാർ കസ്റ്റഡിയിലാണ്. ബുധനാഴ്ച്ച രാവിലെ ഏഴിന് എംസി റോഡിൽ കുളക്കട വായനശാല ജംക്ഷനു സമീപത്തായിരുന്നു അപകടം. കാസർകോട് പെരിയ കേരള സെൻട്രൽ സർവകലാശാലയിൽ നിന്നും എംബിഎ പൂർത്തിയാക്കിയ അൻസു കാരുവേലിലെ കോളജിൽ ജോലിക്കുള്ള ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ബസിൽ വന്ന അൻസു പുത്തൂർമുക്കിനു പകരം കുളക്കടയിലാണ് ബസ് ഇറങ്ങിയത്.
വഴി തെറ്റിയെന്നു മനസിലാക്കിയ അൻസു ഓട്ടോറിക്ഷാ ഡ്രൈവറോട് ശരിയായ വഴി ചോദിച്ചതിനു ശേഷം അടുത്ത ബസ് പിടിക്കുന്നതിന് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. മറ്റൊരു കാറിനെ മറികടക്കുന്നതിനായി അലക്ഷ്യമായി വലതു വശത്തേക്ക് പാഞ്ഞു കയറിയ കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സീബ്രാ ലൈനിൽ അവസാന ഭാഗത്തെത്തിയപ്പോഴാണ് അൻസുവിനെ കാർ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അൻസുവിന്‍റെ മൃതദേഹം ഇന്ന് വൈകിട്ട് നാലോടെ കെ. ചപ്പാത്ത് മരുതുംപേട്ടയിലെ വീട്ടിലെത്തിക്കും. തുടർന്ന് നാളെ ഉച്ചയ്ക്ക് രണ്ടിന് മേരികുളം പള്ളിയിൽ സംസ്കാരം നടത്തും. മോളിയാണ് മാതാവ്. അന്‍റു, അനു എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: