ആളുകൾ നോക്കി നിൽക്കെ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് ആൺ സിംഹം. സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലാണ് ഞെട്ടിക്കുന്ന രംഗമുള്ളത്. ജീവനക്കാരനെ രക്ഷിക്കാനായി സഹജീവനക്കാരൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ രക്ഷയായത് അവിടെയുണ്ടായിരുന്ന ഒരു സിംഹിണിയുടെ ഇടപെടലാണ്.
"natureinclips' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മൃഗശാല ജീവനക്കാർ ഒരു സിംഹവലയത്തിനുള്ളിൽ നിൽക്കുന്നതും അവർക്ക് സമീപത്തായി ഒരു ആൺസിംഹവും ഒരു പെൺസിംഹവും വിശ്രമിക്കുന്നതില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. അൽപ്പം കഴിഞ്ഞപ്പോൾ ജീവനക്കാരിലൊരാൾ ആൺ സിംഹത്തിന്‍റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്നു.
ഇതോടെ അക്രമാസക്തനായി മാറിയ ആൺ സിംഹം അയാളെ ആക്രമിക്കുന്നു. ജീവനക്കാരന്‍റെ ശരീരത്തിലേക്ക് ചാടിക്കയറിയ സിംഹം അയാളെ കടിച്ചു കീറാൻ ശ്രമിക്കുന്നു. സഹജീവനക്കാരൻ അയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. ഇതിനിടെ സംഭവം പെൺ സിംഹത്തിന്‍റെ ശ്രദ്ധയിൽ പെടുകയും അത് വേഗത്തിൽ എത്തി തന്‍റെ ഇണയെ അനുനയിപ്പിക്കുകയും ജീവനക്കാരനെ രക്ഷപെടുത്തുകയുമായിരുന്നു.
സിംഹങ്ങളുടെ കണ്ണുകളിൽ തുറിച്ചു നോക്കുന്നത് അവയെ അലോസരപ്പെടുത്തുമെന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ ജീവനക്കാരന്‍റെ പ്രവർത്തിയെ വിമർശിക്കുകയും അതോടൊപ്പം പെൺ സിംഹത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ അനുനയ ശ്രമത്തെ കൗതുകത്തോടെ നോക്കി കാണുകയും ചെയ്തു. ദൃശ്യങ്ങൾ ഏത് മൃശശാലയിൽ നിന്നുള്ളതാണെന്ന കാര്യം വ്യക്തമല്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: