ഇടുക്കി: മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി മാട്ടുക്കട്ടയിലെ റോഡിനു മധ്യത്തിലിരിക്കുന്ന കടമുറികൾ ഒഴിപ്പിക്കും. കടമുറികൾ ഏഴ് ദിവത്തിനകം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവേയുടെയും മാട്ടുക്കട്ട ആനക്കുഴി റോഡിന്‍റെയും മധ്യത്തിലിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളാണ് ഒഴിപ്പിക്കുന്നത്.
ഏഴ് ദിവസത്തിനകം കെട്ടിടം പൊളിച്ച് നീക്കണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു. അയ്യപ്പൻ കോവിൽ മാട്ടുക്കട്ടയിൽ മലയോര ഹൈവെ നിർമാണത്തിന് റോഡ് കൈയ്യേറി നിർമിച്ച വ്യാപാര സ്ഥാപനങ്ങൾ തടസം സൃഷ്ടിച്ചിരുന്നു.
റോഡ് നിർമാണത്തിന് ഇവരെ ഒഴിപ്പിക്കാൻ സർവകക്ഷി യോഗം ചേർന്നിരുന്നു. യോഗത്തിൽ കടകൾ പൂർണമായും ഒഴിപ്പിക്കണമെന്നായിരുന്നു തീരുമാനം.
പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൾ ജോൺസണും ഭരണ സമിതിയംഗങ്ങളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വാക്കാൽ കടമുറികളിൽ നിന്ന് വാടകക്കാരെ മാറ്റണമെന്നും പൊളിച്ച് നീക്കണമെന്നും പറയുകയും സർവെ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ കടയുടമകൾ കടമുറികളിൽ നിന്ന് വാടകക്കാരെ ഒഴിപ്പിക്കുകയോ പൊളിച്ച് നീക്കാനോ തയ്യാറായില്ല. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. റോഡ് കയ്യേറി കടമുറികൾ നിർമ്മിച്ച 14 ഉടമകൾക്കാണ് നോട്ടീസ് നൽകിയത്.
കാണിക്കവഞ്ചി പൊളിച്ച് നീക്കാൻ അമ്പലത്തിനും, കുരിശടി പൊളിച്ച് നീക്കാൻ പള്ളിക്കും ബിജെപി, സിപിഎം പാർട്ടികളുടെ വെയിറ്റിങ് ഷെഡ് പൊളിച്ച് നീക്കാൻ നേതാക്കന്മാർക്കുമാണ് നോട്ടീസ് നൽകിയത്. പ്രദേശവാസികളുടെ പിന്തുണയോടെയാണ് അധികൃതർ നോട്ടീസ് നൽകിയത്.
ചിലർ നോട്ടീസ് വാങ്ങാൻ തയ്യാറായില്ല. നോട്ടീസ് അതാത് കടയിൽ ഒട്ടിക്കുകയും ചെയ്‌തു. ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കിയില്ലങ്കിൽ പൊതുമരാമത്ത് വകുപ്പ് പൊളിക്കൽ നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൾ ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ സോണിയ ജെറി, സുമോദ് ജോസഫ്, സിജി പ്രതീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
Post A Comment: