ജറുസലേം: അമേരിക്കൻ പ്രസിഡന്‍റ് ജോബൈഡന്‍റെ ഇസ്രയേൽ സന്ദർശനത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ചതായി ഇസ്രയേൽ സേന. പാലസ്തീനികളോട് പലായനം ചെയ്യാൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്ന തെക്കൻ ഗാസയിൽ ചൊവ്വാഴ്ച്ച ഇസ്രയേൽ സേന ബോംബാക്രമണം നടത്തി. ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട സമയം കഴിഞ്ഞതിനു പിന്നാലെയാണ് ബോംബാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ലോക രാജ്യങ്ങൾ ഇടപെട്ടിട്ടും യുദ്ധത്തിൽ നിന്നും ഇസ്രയേൽ പിന്നോട്ടില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഗാസ കൈയടക്കില്ലെന്നും ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹമാസിനെതിരെ കരയുദ്ധം ആരംഭിച്ചാൽ ഇറാൻ അടക്കമുള്ള രാജ്യങ്ങൾ യുദ്ധത്തിനിറങ്ങുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. നിലവിൽ ലെബനനൻ അതിർത്തിയിൽ അടക്കം സംഘർഷം നിലനിൽക്കുന്നുമുണ്ട്.
ഇസ്രയേൽ- ഹമാസ് യുദ്ധം മറ്റൊരു വൻ യുദ്ധത്തിലേക്ക് വഴി തുറക്കുമോയെന്ന ഭീതിയും പരക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇസ്രയേൽ സന്ദർശനം അതുകൊണ്ട് തന്നെ ലോക രാജ്യങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുമെന്ന് അമേരിക്ക വ്യക്തമാക്കുന്നുണ്ടെങ്കിലും ഗാസ പിടിച്ചെടുക്കുന്നതിനെ അനുകൂലിച്ചിട്ടില്ല. നാളെ ഇസ്രയേൽ സന്ദർശിക്കുന്ന ജോബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇതിനിടെ അമേരിക്കൻ സേനയോട് തയാറെടുക്കാൻ നിർദേശം നൽകിയതായിട്ടുള്ള റിപ്പോർട്ടുകളും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
ജോബൈഡന്‍റെ സന്ദർശന ശേഷം യുദ്ധം ഏത് രീതിയിൽ വേണമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് നീക്കമെന്നാണ് നിലവിലെ സൂചനകൾ. ഹമാസിനെ ഉൻമൂലനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന സൂചനകളാണ് ഇസ്രയേൽ നേതൃത്വത്തിൽ നിന്നും പുറത്ത് വരുന്നത്. യു.എൻ അടക്കം എതിർപ്പ് അറിയിച്ചിട്ടും ഇസ്രയേൽ മയപ്പെട്ടിട്ടില്ല.
കരയുദ്ധം ആരംഭിക്കുന്നതിന് പിന്നാലെ ഇസ്രയേലിലേക്ക് മറ്റു രാജ്യങ്ങൾ അക്രമണം അഴിച്ചു വിട്ടാൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നേരിട്ട് യുദ്ധത്തിലേക്ക് ഇറങ്ങാനും സാധ്യതയുണ്ട്. അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾ സർവ സന്നാഹങ്ങളുമായി ഗാസ തീരത്തിനടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഇസ്രയേലിനെതിരെ യുദ്ധ സന്നാഹത്തിന് തയാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: