രാത്രി ഉറക്കം കുറയുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇപ്പോൾ സ്വീഡനിലെ ഉപ്‌സാല സർവകലാശാല നടത്തിയ പഠനത്തിൽ രാത്രി ഉറക്കം നാല് മണിക്കൂറിൽ താഴെയാണെങ്കിൽ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ആരോഗ്യമുള്ള 16 യുവാക്കളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. അവരുടെ ഭക്ഷണം മുതല്‍ പ്രവര്‍ത്തന നിലവാരം, പ്രകാശത്തിലേക്കുള്ള എക്‌സ്‌പോഷര്‍ എന്നിവ നിയന്ത്രിച്ച ലാബില്‍ ഏഴ് ദിവസമായിരുന്നു പഠനം. രണ്ട് ദിനചര്യകളാണ് ഇവരോട് പിന്തുടരാന്‍ ആവശ്യപ്പെട്ടത്.
ഒന്ന്, മൂന്ന് രാത്രികള്‍ സാധാരണ ഉറക്കം (8.5 മണിക്കൂര്‍). രണ്ട്, മൂന്ന് രാത്രികള്‍ ഉറക്ക നിയന്ത്രണം (4.25 മണിക്കൂര്‍). ഓരോ ഉറക്ക ഘട്ടത്തിന് ശേഷം ഒരു ചെറിയ, ഉയര്‍ന്ന തീവ്രതയുള്ള സൈക്ലിങ് വ്യായാമം പൂര്‍ത്തിയാക്കി, അതിനു മുമ്പും ശേഷവും അവരുടെ രക്തം പരിശോധിച്ചു. രക്തത്തിലെ വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളെ ഗവേഷകര്‍ പരിശോധിച്ചു.
സമ്മര്‍ദത്തിലായിരിക്കുമ്പോഴോ രോഗത്തിനെതിരെ പോരാടുമ്പോഴോ ശരീരം ഉൽപാദിപ്പിക്കുന്ന തന്മാത്രകളാണിവ. ഈ പ്രോട്ടീനുകള്‍ വളരെക്കാലം ഉയര്‍ന്ന നിലയില്‍ നിലനില്‍ക്കുമ്പോള്‍, അവ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഹൃദയസ്തംഭനം, കൊറോണറി ഹൃദ്രോഗം, ഏട്രിയല്‍ ഫൈബ്രിലേഷന്‍ (ക്രമരഹിതമായ ഹൃദയമിടിപ്പ്) തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
രക്തസാമ്പിളുകളില്‍ ഗവേഷകര്‍ ഏകദേശം 90 വ്യത്യസ്ത പ്രോട്ടീനുകള്‍ അളന്നു. നാലര മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം ഉണ്ടാക്കുന്ന മാര്‍ക്കറുകളില്‍ വ്യക്തമായ വര്‍ധനവിന് കാരണമാകുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി.
വ്യായാമം സാധാരണയായി ഇന്‍റര്‍ല്യൂക്കിന്‍-6, ബിഡിഎന്‍എഫ് (ഇവ തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു) പോലുള്ള ആരോഗ്യകരമായ പ്രോട്ടീനുകളെ വര്‍ധിപ്പിക്കുമെങ്കിലും, ഉറക്കം കുറഞ്ഞതിന് ശേഷം ഈ പ്രതികരണങ്ങള്‍ ദുര്‍ബലമായിരുന്നു.
ഗുണനിലവാരം കുറഞ്ഞ ഉറക്കവും ഉറക്കക്കുറവും ഇന്ന് ആളുകളില്‍ വളരെ സാധാരണമായിരിക്കുകയാണെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഗവേഷര്‍ പറയുന്നു. ആരോഗ്യമുള്ള ചെറുപ്പക്കാരിലും ഈ മാറ്റങ്ങള്‍ പ്രകടമായിരുന്നുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, രക്തം എടുക്കുന്ന സമയവും പ്രധാനമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. രാവിലെയും വൈകുന്നേരവും പ്രോട്ടീന്‍റെ അളവ് വ്യത്യാസപ്പെട്ടിരുന്നു. ഇത് ഉറക്കനഷ്ടസമയങ്ങളില്‍ വളരെ കൂടുതലായിരിക്കും.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: